'ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ മത്സരത്തിനുണ്ടാകില്ല'; ക്വാറി നടത്താന്‍ അനുവാദത്തിനായി സിപിഎം എഴുതിവാങ്ങിയ കരാര്‍ പുറത്ത്

സ്വന്തം ക്വാറിയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ നേതാവായ സംരംഭകന്‍ സിപിഎമ്മിന് എഴുതിക്കൊടുത്ത കരാറ് പുറത്ത്
'ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ മത്സരത്തിനുണ്ടാകില്ല'; ക്വാറി നടത്താന്‍ അനുവാദത്തിനായി സിപിഎം എഴുതിവാങ്ങിയ കരാര്‍ പുറത്ത്

പാലക്കാട്: സ്വന്തം ക്വാറിയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ നേതാവായ സംരംഭകന്‍ സിപിഎമ്മിന് എഴുതിക്കൊടുത്ത കരാറ് പുറത്ത്. 'തെക്കുംചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല' എന്നാണ് പാര്‍ട്ടിക്ക് സംരഭകന്‍ എഴുതിക്കൊടുത്തിരിക്കുന്നത്. ആന്തൂര്‍ സംഭവത്തിന് പിന്നാലെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്.  പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അഞ്ചാംവാര്‍ഡ് അംഗവും മുസ്‌ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പിഎ ഷൗക്കത്തലി പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് ഒപ്പിട്ടു കൊടുത്ത കരാറിലാണ് ഇക്കാര്യം പറയുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈ 26നു 'സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് എഴുതിക്കൊടുത്ത കരാര്‍' എന്ന പേരില്‍ 100 രൂപയുടെ മുദ്രപത്രത്തിലും ഇതിന്റെ തുടര്‍ച്ചയായി വെള്ളക്കടലാസിലും അക്കമിട്ടെഴുതിയ 6 വ്യവസ്ഥകളില്‍ മൂന്നാമത്തേതാണിത്. 'ബിജെപി, ആര്‍എസ്എസ് എന്നിവരുമായി രാഷ്ട്രീയസൗഹൃദങ്ങള്‍ ഉണ്ടാവുന്നതല്ല' എന്നും കരാറില്‍ വ്യവസ്ഥയുണ്ട്. രണ്ടുസാക്ഷികള്‍ ഒപ്പുവച്ചതാണു കരാര്‍.

ലക്കിടി തെക്കുംചെറോഡ് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ 3 ഉടമസ്ഥരില്‍ ഒരാളാണു ഷൗക്കത്തലി. ക്രഷര്‍ യൂണിറ്റിനും കരിങ്കല്‍ ഖനനത്തിനുമുള്ള തടസ്സങ്ങള്‍ മാറ്റാന്‍ ചെയ്യുന്ന സഹായങ്ങള്‍ എന്ന പേരിലുള്ള കരാറിലെ മറ്റു വ്യവസ്ഥകള്‍ ഇങ്ങനെ:

പ്രദേശവാസികള്‍ക്കു നഷ്ടമോ അപകടമോ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി

ക്വാറിയില്‍നിന്ന് ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നല്‍കും (ഇത് ചുമട്ടുതൊഴിലാളികള്‍ക്കു ലോഡ് കയറ്റാനുള്ള അവകാശമാണെന്നാണു വിവരം)

സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സഹായങ്ങള്‍ ചെയ്യും.

ക്വാറി കാരണം റോഡിനു കേടുപറ്റിയാല്‍ അറ്റകുറ്റപ്പണിക്കു സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com