ആത്മഹത്യ ചെയ്യാൻ പാളത്തിൽ കിടന്നു; 'സെൽഫി' യുവാവിനെ രക്ഷിച്ചു

ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്
ആത്മഹത്യ ചെയ്യാൻ പാളത്തിൽ കിടന്നു; 'സെൽഫി' യുവാവിനെ രക്ഷിച്ചു

ചങ്ങനാശേരി: ആത്മഹത്യ ചെയ്യാനൊരുങ്ങി റെയിൽവേ പാളത്തിൽ കിടന്ന യുവാവിന് രക്ഷയായി സെൽഫി. യുവാവിനെ പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്. 

ചങ്ങനാശേരിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സന്ദേശം കണ്ട് പരിഭ്രാന്തരായി പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിന് സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം. 

ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വ​ദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്ന് സെൽഫി സന്ദേശം ഫോർവേഡ് ചെയ്ത് കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ അയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെ കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനെക്കുറിച്ചും സൂചന നൽകി. 

ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിന് മിനുട്ടുകൾ മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ അടുത്തുള്ള പാടത്തേക്ക് തള്ളിമാറ്റി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ദുരന്തം വഴിമാറിയതിന്റെ സന്തോഷത്തിൽ യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com