കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സില്‍, ഡ്രൈവര്‍ നാട്ടുകാരോട് അപകടസ്ഥലം അന്വേഷിച്ചു; ഒടുവില്‍ കുടുങ്ങി

കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ എത്തിയത് നാടറിഞ്ഞതോടെ പ്രതി പിടിയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ എത്തിയത് നാടറിഞ്ഞതോടെ പ്രതി പിടിയിലായി. രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സുജിത്ത് (22) ആണ് അറസ്റ്റിലായത്. കടന്നുകളഞ്ഞ കൂട്ടുപ്രതി ചേലേമ്പ്ര സ്വദേശി ഷാജിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

തേഞ്ഞിപ്പലം കോമരപ്പടിയിലെ പറമ്പിലെ കിണറ്റില്‍ കഴിഞ്ഞദിവസം രാത്രി 7.30ന് ആണ് സുജിത്ത് വീണത്. പമ്പ് സെറ്റ് മോഷ്ടിക്കാനായി കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിച്ച് തിരികെ കയറവേ വീഴുകയായിരുന്നു. പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതിനിടെ സുഹൃത്തുക്കളെ വിളിച്ചു. 

ആംബുലന്‍സ് ഏര്‍പ്പാടാക്കിയാണ് 3 സുഹൃത്തുക്കള്‍ എത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരോട് അപകട സ്ഥലം അന്വേഷിച്ചതോടെ ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു.അവശനിലയിലായിരുന്ന സുജിത്തിനെ കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴാണ് സംഗതി മോഷണ ശ്രമമാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്. 

സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും സുഹൃത്ത് തന്നെ തള്ളി കിണറ്റിലിട്ടെന്നുമായിരുന്നു പ്രതി ആദ്യം വാദിച്ചത്. എന്നാല്‍ ഇതു പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000 രൂപ വില മതിക്കുന്ന മോട്ടോര്‍ മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും നീക്കമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com