'നമ്മള്‍ കാണിക്കുന്ന മണ്ടത്തരത്തിനൊക്കെ കുടപിടിക്കലല്ല ദൈവത്തിന്റെ പണി'; കുറിപ്പ് 

'നമ്മള്‍ കാണിക്കുന്ന മണ്ടത്തരത്തിനൊക്കെ കുടപിടിക്കലല്ല ദൈവത്തിന്റെ പണി'; കുറിപ്പ് 

വാളയാര്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സനുജ് സുശീലന്‍ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

കൊച്ചി:  ചെറിയ വാഹനത്തില്‍ പരമാവധി ആളുകളെ കുത്തിനിറച്ച് യാത്ര പോകുന്ന കാഴ്ചകള്‍ നിരവധി റോഡില്‍ ദൃശ്യമാണ്. പലപ്പോഴും സുരക്ഷയെ കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. ചെറിയ ഒരു കൂട്ടിയിടി പോലും വലിയ ദുരന്തത്തിന് ഇത് വഴിവെച്ചേക്കാം. വാഹനം വാങ്ങുമ്പോള്‍ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നല്‍കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വാളയാര്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സനുജ് സുശീലന്‍ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

'ഓമ്‌നി വാന്‍ ചെറുതായി ഒന്നിടിച്ചാല്‍ പോലും ഫലം മാരകമായിരിക്കും . കര്‍ണാടകയിലും തമിഴ് നാട്ടിലും പലയിടത്തും ഡ്രൈവ് ചെയ്യുമ്പോള്‍ റോഡില്‍ ഈ കാഴ്ച കണ്ടിട്ടുണ്ട്. മാരുതി വാനില്‍ കുത്തി നിറഞ്ഞു നല്ല സ്പീഡില്‍ പോകുന്നവര്‍. ഓമ്‌നി തവിടു പൊടിയായി കിടക്കുന്ന ചില അപകടങ്ങള്‍ പലയിടത്തും കണ്ടിട്ടുമുണ്ട്. എനിക്കേറ്റവും ഭയമുള്ള ഒരു വണ്ടിയാണ് ഓംനി വാന്‍.ഡ്രൈവര്‍ക്കും റോഡിനും ഇടയില്‍ ഒരു കുന്തവുമില്ല. എവിടെയെങ്കിലും ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും പറ്റാന്‍ സാദ്ധ്യത കൂടുതലാണ്.'

'സിറ്റിയില്‍ സ്‌കൂള്‍ വാന്‍ ആയി ഓമ്‌നി വാന്‍ ഉപയോഗിക്കുന്നവരുണ്ട്. സിറ്റിയിലെ ചെറിയ വേഗതയില്‍ താരതമ്യേന സുരക്ഷിതമാണത്. പക്ഷെ ഹൈവേയിലോ ? ഒരു സ്പീഡ് കഴിഞ്ഞാല്‍ പിന്നെ ഈ വാഹനത്തില്‍ െ്രെഡവര്‍ക്കെന്നല്ല ആര്‍ക്കും ഒരു നിയന്ത്രണവും ഉണ്ടാവില്ല. സിറ്റിയിലൊക്കെ ട്രാഫിക്കിനിടയില്‍ ഓടിച്ചു നടക്കാന്‍ പറ്റിയതും സാധനങ്ങളും ആള്‍ക്കാരെയും അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ പറ്റിയതും ചെറിയ വേഗത്തില്‍ സുരക്ഷിതവുമാണ് എന്ന് കരുതി എല്ലായിടത്തും ഉപയോഗിക്കാന്‍ പറ്റിയ ഒരു വാഹനമേയല്ലിത്.'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പഴയ കമ്പനിയില്‍ എന്റെ ഒരു സഹപ്രവര്‍ത്തകയുണ്ടായിരുന്നു. ഒരു മാനേജറാണ് അവര്‍ . ഒരിക്കല്‍ ഒരു ലോങ്ങ് വീക്കെന്‍ഡ് വന്നപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ പറഞ്ഞു കുടുംബത്തില്‍ നിന്ന് എല്ലാവരും കൂടി പളനിയില്‍ പോകുന്നുവെന്ന്. അവരുടെ സ്വദേശവും പൊള്ളാച്ചിക്കടുത്താണ്. എത്രപേരുണ്ടെന്നു ചോദിച്ചപ്പോ മൊത്തം പതിനൊന്നു പേരുണ്ടെന്ന് പറഞ്ഞു . റൂട്ടൊക്കെ കേട്ടു കഴിഞ്ഞപ്പോ ഞാന്‍ ചോദിച്ചു എങ്ങനെയാണു പോവുക, ട്രെയിന്‍ ആണോ അതോ ഡ്രൈവിംഗ് ആണോ എന്ന്.

അവര്‍ക്കൊരു മാരുതി വാനുണ്ട്. സിറ്റിയില്‍ ഉപയോഗിക്കുന്നത് അതാണ്. ആ വണ്ടിയിലാണ് എല്ലാവരും കൂടി പളനി വരെ പോകുന്നതെന്ന് കേട്ട് സത്യം പറഞ്ഞാല്‍ എനിക്ക് അതിശയം തോന്നി. കുറച്ചു കൂടി വലിയ വണ്ടിയില്‍ പോകരുതോ ? ഇത് സേഫ് ആണോ എന്നൊക്കെ ചോദിച്ചപ്പോ അവര്‍ അകെ ഇമോഷണലായി. എന്നിട്ടു എന്നെ കുറേനേരം ഉപദേശിച്ചു. 'പണം വെറുതെ പാഴാക്കരുത്. നമ്മളെ നോക്കൂ, വേറെ വണ്ടി വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല , പക്ഷെ സിമ്പിള്‍ ആയി ജീവിക്കുന്നതുകൊണ്ടാണ് അതിനൊന്നും പോകാത്തത്. വേണമെന്ന് വച്ചാല്‍ പതിനൊന്നല്ല ഇരുപത്തിരണ്ടു പേര്‍ക്ക് വേണമെങ്കിലും ആ വണ്ടിയില്‍ പോയിവരാം, ഇതൊക്കെ നിങ്ങളുടെ വെറും തോന്നലാണ്' എന്നിങ്ങനെ പോയി ഉപദേശം. ശരിയാണ്. അവര്‍ക്ക് നല്ല ശമ്പളമുണ്ട്. ഭര്‍ത്താവും ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. രണ്ടുപേര്‍ക്കും കൂടി ലക്ഷങ്ങളുടെ വരുമാനമുണ്ട്. 'ഒന്നും പറ്റാതെ പളനിയാണ്ടവന്‍ രക്ഷിക്കും' എന്നാണ് അവരുടെ സംഭാഷണം അവസാനിച്ചത്. ഇത് ഏഴെട്ടു വര്‍ഷം മുന്നത്തെ സംഭവമാണ്. ഞാന്‍ അന്ന് പുതിയ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ വാങ്ങിയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. ഇവരുടെ ഈ ഉപദേശമൊക്കെ കേട്ട് ആദ്യമായി അതില്‍ ഒരു കുറ്റബോധമൊക്കെ തോന്നി.

പളനിയില്‍ പോയ സംഘം സുരക്ഷിതരായി ആയി തിരികെ വന്നു. യാത്രയില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല. ട്വിസ്റ്റ് പിന്നീടാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം അവര്‍ എന്നോട് അല്പം മടിച്ചു മടിച്ചു അന്നത്തെ യാത്രയിലുണ്ടായ ഒരു സംഭവം പറഞ്ഞു. പളനിയില്‍ പോകുന്ന വഴി എവിടെയോ വച്ച് ഒരു പശു റോഡില്‍ വന്നു വണ്ടിയുടെ മുന്നില്‍ ചാടി. അതോടെ വാനിന്റെ കണ്ട്രോള്‍ പോയി. റോഡിനു ഒരു വശത്തുള്ള പുളിമരം ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. റോഡിനിരുവശത്തും പുളി മരങ്ങള്‍ ഒരുപാടു നില്‍പ്പുണ്ട്. അത് കഴിഞ്ഞാല്‍ കൃഷിസ്ഥലങ്ങളാണ്. അതിലേയ്ക്ക് വാഹനങ്ങള്‍ വീഴാതിരിക്കാന്‍ ചെറിയ കോണ്‍ക്രീറ്റ് കുറ്റികള്‍ വച്ചിട്ടുണ്ട്. റോഡിനും കുറ്റികള്‍ക്കും ഇടയിലുള്ള സ്ഥലം അല്പം കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. അതിലേക്കിറങ്ങിയതോടെ വണ്ടിയുടെ വേഗത കുറഞ്ഞു. സിമന്റ് കുറ്റിയില്‍ പോയി ഇടിച്ചു നിന്നു. അതിശയമെന്നു പറയട്ടെ ആര്‍ക്കും കാര്യമായി ഒന്നും പറ്റിയില്ല. വണ്ടി നിറയെ ആളുണ്ടായിരുന്നതുകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഇടിച്ചു ചെറിയ നീരൊക്കെ വച്ചു എന്നല്ലാതെ ഒരു തുള്ളി ചോര പോലും പൊടിയാതെ അവര്‍ രക്ഷപെട്ടു. ആ ഷോക്കില്‍ മുതിര്‍ന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന എട്ടുപേരുടെ സംഘം തിരിച്ചുള്ള യാത്ര ട്രെയിനിലാക്കി. ബാക്കിയുള്ളവര്‍ ആ വണ്ടി തിരിച്ചോടിച്ചു ബാംഗ്‌ളൂരിലെത്തിച്ചു. അന്നെന്നെ ഉപദേശിച്ച ജാള്യതയിലാണ് അവര്‍ ആദ്യം ഇത് തുറന്നു പറയാന്‍ മടിച്ചത്. ഇനി മേലില്‍ ഇപ്പരിപാടിക്കില്ല എന്നവര്‍ പ്രതിജ്ഞയെടുത്തു.

ഇന്ന് വാളയാറില്‍ നടന്ന ഈ അപകട വാര്‍ത്ത കണ്ടപ്പോളാണ് ഇതൊക്കെ ഓര്‍മ വന്നത്. പന്ത്രണ്ടു പേരുണ്ടായിരുന്നു ആ വാനില്‍. അഞ്ചു പേരാണ് മരിച്ചത്. പലരും ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇങ്ങനെ ആള്‍ക്കാര്‍ കുത്തി നിറഞ്ഞിരുന്ന വാന്‍ അതിവേഗതയിലാണ് ആ ലോറിയില്‍ വന്നിടിച്ചത്. അതുകൊണ്ടാണ് ആഘാതം ഇത്രയ്ക്ക് കടുത്തതായത്.

ഓമ്‌നി വാന്‍ ചെറുതായി ഒന്നിടിച്ചാല്‍ പോലും ഫലം മാരകമായിരിക്കും . കര്‍ണാടകയിലും തമിഴ് നാട്ടിലും പലയിടത്തും ഡ്രൈവ് ചെയ്യുമ്പോള്‍ റോഡില്‍ ഈ കാഴ്ച കണ്ടിട്ടുണ്ട്. മാരുതി വാനില്‍ കുത്തി നിറഞ്ഞു നല്ല സ്പീഡില്‍ പോകുന്നവര്‍. ഓമ്‌നി തവിടു പൊടിയായി കിടക്കുന്ന ചില അപകടങ്ങള്‍ പലയിടത്തും കണ്ടിട്ടുമുണ്ട്. എനിക്കേറ്റവും ഭയമുള്ള ഒരു വണ്ടിയാണ് ഓംനി വാന്‍. ഡ്രൈവര്‍ക്കും റോഡിനും ഇടയില്‍ ഒരു കുന്തവുമില്ല. എവിടെയെങ്കിലും ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും പറ്റാന്‍ സാദ്ധ്യത കൂടുതലാണ്.

സിറ്റിയില്‍ സ്‌കൂള്‍ വാന്‍ ആയി ഓമ്‌നി വാന്‍ ഉപയോഗിക്കുന്നവരുണ്ട്. സിറ്റിയിലെ ചെറിയ വേഗതയില്‍ താരതമ്യേന സുരക്ഷിതമാണത്. പക്ഷെ ഹൈവേയിലോ ? ഒരു സ്പീഡ് കഴിഞ്ഞാല്‍ പിന്നെ ഈ വാഹനത്തില്‍ ഡ്രൈവര്‍ക്കെന്നല്ല ആര്‍ക്കും ഒരു നിയന്ത്രണവും ഉണ്ടാവില്ല. സിറ്റിയിലൊക്കെ ട്രാഫിക്കിനിടയില്‍ ഓടിച്ചു നടക്കാന്‍ പറ്റിയതും സാധനങ്ങളും ആള്‍ക്കാരെയും അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ പറ്റിയതും ചെറിയ വേഗത്തില്‍ സുരക്ഷിതവുമാണ് എന്ന് കരുതി എല്ലായിടത്തും ഉപയോഗിക്കാന്‍ പറ്റിയ ഒരു വാഹനമേയല്ലിത്.

ആരോടെങ്കിലും ഇതിനെപ്പറ്റി ഉപദേശിക്കാന്‍ പോയാല്‍ അവരെ കൊച്ചാക്കി സംസാരിക്കുന്നതുപോലെയാണ് എടുക്കുന്നത് എന്നതുകൊണ്ട് ഇപ്പോള്‍ ഞാന്‍ ഒന്നിനും പോകാറില്ല. വണ്ടിയുടെ വിലയോ സ്റ്റാറ്റസോ അല്ല സുരക്ഷിതത്വമാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് പലപ്പോളും പിടികിട്ടില്ല. ഒറ്റയടിക്ക് അവരുടെ ഈഗോ ഹര്‍ട്ടാവും. തീര്‍ത്ഥയാത്രയ്ക്കാണല്ലോ പോകുന്നത്, ഒരപകടവും സംഭവിക്കാതെ ഈശ്വരന്‍ നോക്കിക്കോളും എന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷെ നമ്മള്‍ കാണിക്കുന്ന മണ്ടത്തരത്തിനൊക്കെ കുടപിടിക്കലല്ല ദൈവത്തിന്റെ പണി എന്ന് ഇവര്‍ ഓര്‍ക്കുകയുമില്ല

എല്ലാ വണ്ടികളും ദീര്‍ഘ ദൂര യാത്രകള്‍ക്ക് പറ്റിയതല്ല എന്നത് സ്വയം അംഗീകരിക്കുക. ഒരു വാശിക്ക് അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടാല്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്. ഒറ്റയടിക്ക് തട്ടിപ്പോയാല്‍ സാരമില്ല, അതുപോലല്ല മാരകമായ അംഗഭംഗങ്ങള്‍ പറ്റി ജീവിതകാലം മുഴുവന്‍ നരകിക്കുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

വാല്‍ക്കഷ്ണം:

ഇതേ ഓമ്‌നി വാന്‍ തന്നെ ആംബുലന്‍സ് ആയും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അതും നല്ല വേഗതയിലാണ് രോഗിയെയും കൊണ്ട് ഓംനി ആംബുലന്‍സുകള്‍ ചീറിപ്പായുന്നത്. ഒരു കുലുക്കവും പറ്റരുതാത്ത ഒരു രോഗിയാണെങ്കില്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ അയാളുടെ കാര്യത്തില്‍ ഒരു തീരുമാനമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com