ഇരട്ടക്കൊല : അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയതിൽ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മൻചാണ്ടി ; നടപടി സ്വാ​ഗതാർഹമെന്ന് മുല്ലപ്പള്ളി

ഉദ്യോഗസ്ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി
ഇരട്ടക്കൊല : അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയതിൽ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മൻചാണ്ടി ; നടപടി സ്വാ​ഗതാർഹമെന്ന് മുല്ലപ്പള്ളി

കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീക്കിനെ മാറ്റിയതിൽ കോൺ​ഗ്രസിൽ ഭിന്നത. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. എന്നാൽ എസ്പിയെ മാറ്റിയ നടപടിയെ സ്വാ​ഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎം രാഷ്ട്രീയ നേതൃത്വം അന്വേഷണത്തിൽ ഇടപെടുന്നു എന്നതിന് തെള‌ിവാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയ നടപടി. കൊലപാതകത്തിന് പിന്നിലെ യാഥാർഥ്യവും സത്യവും പുറത്തു വരുകയാണ്. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. 

അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും വിമർശിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിൽ, യൂത്ത് കോൺ​ഗ്രസിന്റെയും ഇരുവരുടെയും വീട്ടുകാരുടെയും സംശയങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. 

എന്നാൽ എസ് പി മുഹമ്മദ് റഫീക്കിനെ മാറ്റിയ നടപടി സ്വാ​ഗതാർഹമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരോപണവിധേയനായ ആളാണ് മാറ്റപ്പെട്ട ഉദ്യോ​ഗസ്ഥൻ. അദ്ദേഹത്തെക്കുറിച്ച് തനിക്ക് നല്ല മതിപ്പുണ്ടായിരുന്നില്ല. എന്നാൽ പുതിയ അന്വേഷണ ഉദ്യോ​ഗസ്ഥനെക്കുറിച്ച് തനിക്ക് അറിയില്ല. അയാളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ പ്രതികരിക്കാനില്ല. അന്വേഷണ ഉദ്യോ​ഗസ്ഥനെയല്ല, അന്വേഷണ ഏജൻസിയെ തന്നെയാണ് മാറ്റേണ്ടിയിരുന്നത്. കേന്ദ്ര ഏജൻസി അന്വഷിക്കുന്നതാണ് സത്യം പുറത്തുവരാൻ ഉചിതമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാ‍യ ക്രൈംബ്രാഞ്ച്​ എസ്​.പി വി.എം മുഹമ്മദ്​ റഫീഖിനെ എറണാകുളത്തേക്കാണ് മാറ്റിയത്. ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്​ മാറ്റം. കോട്ടയം ക്രൈംബ്രാഞ്ച്​ എസ്​.പി സാബു മാത്യുവിനാണ്​ പകരം അന്വേഷണ ചുമതല​. അതേസമയം ആരോ​ഗ്യപ്രശ്നങ്ങൾ മൂലം താൻ ആവശ്യപ്പെട്ടിട്ടാണ് മാറ്റമെന്നാണ് എസ് മുഹമ്മദ് റഫീക്ക് പ്രതികരിച്ചത്. എന്നാൽ എസ്പിയെക്കൊണ്ട് സർക്കാർ കള്ളം പറയിക്കുന്നതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com