വേനൽച്ചൂട് കനക്കുന്നു; വൈ​ദ്യുതി ഉപയോ​ഗം കുതിക്കുന്നു

വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതിയുടെ ഉപയോഗം കുതിച്ചുയരുന്നു
വേനൽച്ചൂട് കനക്കുന്നു; വൈ​ദ്യുതി ഉപയോ​ഗം കുതിക്കുന്നു

തൊടുപുഴ: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതിയുടെ ഉപയോഗം കുതിച്ചുയരുന്നു. പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 73 ദശലക്ഷം യൂണിറ്റ് എന്നത് 77 ദശലക്ഷം യൂണിറ്റിന് മുകളിലെത്തി. ഈ സീസണിലെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗം ഫെബ്രുവരി 28 നായിരുന്നു. 77.8776 ദശലക്ഷം യൂണിറ്റ്. ഇന്നലെ 77.5255 ദശലക്ഷം യൂണിറ്റ്. തെരഞ്ഞെടുപ്പും, പരീക്ഷ കാലവും എത്തുന്നതോടെ ഉപയോഗം പ്രതിദിനം 85 ദശലക്ഷം യൂണിറ്റ് എത്തുമെന്നാണ് കണക്കാക്കുന്നത്.

പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിലും റെക്കോർഡ് വർധനയാണ്. ഇന്നലെ 61.3226 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ഉപയോഗം കൂടുന്നതനുസരിച്ച് 68.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ പുറത്തു നിന്ന് എത്തിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇതിൽ കൂടുതൽ വൈദ്യുതി ആവശ്യമായി വന്നാൽ സംസ്ഥാനത്തെ ഉത്പാദനം ഉയർത്തണം. 
 
കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് സർവകാല റെക്കോർഡ് ഉപയോഗം 80.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു. അണക്കെട്ടുകളിൽ 2322.415 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. 

വേനൽ കാലത്തു പവർ കട്ട് ഒഴിവാക്കുമെന്നും പ്രതിസന്ധി അനുഭവപ്പെട്ടാൽ പുറത്തു നിന്നു വൈദ്യുതി എത്തിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി എംഎംമണി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രളയ ശേഷം രൂക്ഷമായ വരൾച്ചയും, ജലക്ഷാമവുമാണു അനുഭവപ്പെടുന്നത്. കിണറുകളിലും, കുളങ്ങളിലും, തോടുകളിലും ജലനിരപ്പ് താഴുന്നു. ആശങ്കയുണ്ടെങ്കിലും വേനൽ കാലത്ത് പവർ കട്ട് പൂർണമായും ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com