പത്തനംതിട്ടയില്‍ പ്രവേശിക്കാനുള്ള വിലക്ക് അവസാനിച്ചു; സുരേന്ദ്രന്റെ പരിവര്‍ത്തനയാത്ര നാളെ തുടങ്ങും

മൂന്ന് മാസത്തെ വിലക്കിന് ശേഷം നാളെ കെ സുരേന്ദ്രന്‍ നയിക്കുന്ന പരിവര്‍ത്തനയാത്രയ്ക്ക് നാളെ പത്തനംതിട്ടയില്‍ തുടക്കം 
പത്തനംതിട്ടയില്‍ പ്രവേശിക്കാനുള്ള വിലക്ക് അവസാനിച്ചു; സുരേന്ദ്രന്റെ പരിവര്‍ത്തനയാത്ര നാളെ തുടങ്ങും

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസത്തെ വിലക്ക് കോടതി സുരേന്ദ്രന് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് അവസാനിച്ചതോടെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പരിവര്‍ത്തനയാത്ര നാളെ കാഞ്ഞിരപ്പള്ളിയില്‍ നിന്നാരംഭിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത് കെ സുരേന്ദ്രന്റെ പേരാണ്.തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം മുന്‍കൈ എടുക്കുന്നത് .

തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരില്‍ ആവേശം നിറയ്ക്കുന്നതിനുമായി ബിജെപി നടത്തുന്ന പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖല ജാഥ നയിക്കാന്‍ കെ സുരേന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. നാളെ മുതല്‍ പരിവര്‍ത്തന്‍യാത്ര പത്തനംതിട്ടയില്‍ നിന്നാണ് ആരംഭിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് യാത്രയുടെ ആരംഭം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള സമരപാതയില്‍ എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായും, പന്തളം കൊട്ടാരവുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ കെ.സുരേന്ദ്രന് കഴിഞ്ഞെന്നാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com