കേരളം പൊളളുന്നു; എന്താണ് ഉഷ്ണതരംഗം?

കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ്
കേരളം പൊളളുന്നു; എന്താണ് ഉഷ്ണതരംഗം?

തിരുവനന്തപുരം: കേരളത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ എന്താണ് ഉഷ്ണതരംഗം എന്ന ചോദ്യവും ഉയരുന്നുണ്ട്.

താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. കേരളത്തില്‍ മാര്‍ച്ച് ആദ്യപകുതിയിലെ ശരാശരി ഉയര്‍ന്ന താപനില 35 ഡിഗ്രിയാണ്. പാലക്കാട് പോലെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ താപനില അതിലും കൂടാറുള്ളൂ. എന്നാല്‍ ഇത്തവണ പതിവിനു വിപരീതമായി കോഴിക്കോട്ട്  ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നിരുന്നു. 

ഉത്തരേന്ത്യയെ അപേക്ഷിച്ചു കേരളത്തില്‍ ഉഷ്ണതരംഗം അപൂര്‍വമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത് 2016 ഏപ്രിലിലാണ്. പാലക്കാട് ജില്ലയില്‍ ചൂട് 41 ഡിഗ്രിക്കു മുകളിലെത്തിയപ്പോഴായിരുന്നു അത്. കാലാവസ്ഥാ വകുപ്പിന്റെ സ്‌റ്റേഷനുകളില്‍ ചൂട് 40 ഡിഗ്രി കവിയുകയോ ശരാശരി ചൂട് 4 ഡിഗ്രിയിലധികം വ്യത്യാസപ്പെടുകയോ രാത്രി താപനില ശരാശരിയില്‍ നിന്നു 3 ഡിഗ്രി കൂടുകയോ ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം ബാധിച്ചതായി പ്രഖ്യാപിക്കാറുള്ളത്.കഴിഞ്ഞ  വര്‍ഷം മാര്‍ച്ച് ആദ്യവാരം തൃശൂരില്‍ 38 ഡിഗ്രിയും കോട്ടയത്തും കൊല്ലത്തും 37 ഡിഗ്രിയും ചൂടു രേഖപ്പെടുത്തിയിരുന്നു.   

ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള  കാരണം. വേനല്‍മഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് കൂടുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്റെ തോത് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് ശരാശരി 80 ശതമാനത്തിനു മുകളിലാണ്. പാലക്കാട്ടും പുനലൂരിലും ശരാശരിയെക്കാള്‍ 10% കൂടുതലാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com