മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് നാളെ: മലബാര്‍ മേഖലയില്‍ ജാഗ്രത

തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സേനകളുടെ അകമ്പടിയോടെ വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്.
മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് നാളെ: മലബാര്‍ മേഖലയില്‍ ജാഗ്രത

വയനാട്: വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട്  നാല് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. 

തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സേനകളുടെ അകമ്പടിയോടെ വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജലീലിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത് 

അതേസമയം, കൊല്ലപ്പെട്ട ജലീലിന്റെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജലീലിന്റെ മരണത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടി നടത്താനുള്ള സാധ്യതയുണ്ടെന്ന രഹസ്യാനേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 

2016ലാണ് അവസാനമായി കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയുമായിരുന്നു അന്ന് കൊല്ലപ്പെട്ടത്. അതിന് ശേഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റ് നേതാവാണ് സിപി ജലീല്‍. അതുകൊണ്ട് തിരിച്ചടിയുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ബുധനാഴ്ച രാത്രിയിലാണ് ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ പണവും ഭക്ഷണവും ആവശ്യപ്പെട്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയും ഏറ്റുമുട്ടല്‍ നടക്കുകയുമായിരുന്നു. ഇതിനിടെ ജലീല്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജലീലിനെ പിടിച്ചുകൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് സംശയമുണ്ടെന്ന് സഹോദരങ്ങള്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com