കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ ; നിലപാടിലുറച്ച് പിജെ ജോസഫ് ; തീരുമാനം വൈകീട്ട്

വൈകീട്ട് മൂന്നിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും
കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ ; നിലപാടിലുറച്ച് പിജെ ജോസഫ് ; തീരുമാനം വൈകീട്ട്

കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഒരു സീറ്റില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് അറിയിച്ചു. സിറ്റിംഗ് സീറ്റായ കോട്ടയത്ത് തന്നെ പാര്‍ട്ടി മല്‍സരിക്കും. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ വൈകീട്ട് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു. 

രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ പി ജെ ജോസഫ് ലോക്‌സഭയിലേക്ക് മല്‍സരിക്കാനുള്ള താല്‍പ്പര്യം പാര്‍ട്ടിക്ക് മുമ്പാകെ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇക്കാര്യം പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു. വൈകീട്ട് മൂന്നിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സി എഫ് തോമസ് പറഞ്ഞു.

അതേസമയം മാണി വിഭാഗം ജോസഫിന്റെ വാദത്തെ എതിര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജ് പോയതോടെ ജോസഫ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞെന്നും മാണി വിഭാഗം വാദിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ലയിച്ച ജോസഫ് വിഭാഗത്തിന് അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 

ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്ന് പി ജെ ജോസഫ് പറഞ്ഞു. അതേസമയം മല്‍സരിക്കുന്ന കാര്യത്തില്‍ പി ജെ  ജോസഫ് അയഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇടപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com