സൂര്യാഘാതം: കര്‍ഷകന്‍ പാടത്തുവീണു മരിച്ചു

നെറ്റിയിലും കഴുത്തിലും കൈകാലുകള്‍ക്കും പൊള്ളലേറ്റു തൊലി ചുവന്ന നിലയിലായിരുന്നു
സൂര്യാഘാതം: കര്‍ഷകന്‍ പാടത്തുവീണു മരിച്ചു

കൊല്ലം: പാടത്തു ജോലിചെയ്യുകയായിരുന്ന കര്‍ഷകന്‍ സൂര്യാഘാതമേറ്റു മരിച്ചു. നെടുമ്പന പഞ്ചായത്തില്‍ ഇളവൂര്‍ അജിത് ഭവനത്തില്‍ രാജന്‍ നായര്‍ ആണു മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഇളവൂര്‍ പാടശേഖരസമിതി പ്രസിഡന്റാണ്. ഇന്നലെ പകല്‍ 12.15നാണ് ഇളവൂരുള്ള പാടത്തിനു സമീപത്തു കൂടി നടന്നു വന്നയാള്‍ രാജന്‍ നായരെ ബോധരഹിതനായ നിലയില്‍ കണ്ടത്. പല തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവര്‍ എത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

സൂര്യാഘാതമാണ് മരണകാരണമായതെന്നാണു പ്രാഥമിക വിവരം. ഇതിന്റെ ലക്ഷണങ്ങള്‍ തൊലിപ്പുറമേ കണ്ടെത്തി. നെറ്റിയിലും കഴുത്തിലും കൈകാലുകള്‍ക്കും പൊള്ളലേറ്റു തൊലി ചുവന്ന നിലയിലായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവ കറുത്തു തുടങ്ങി.

അതേസമയം, കര്‍ഷകന്റെ മരണം സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്നു ഡിഎംഒ ഡോ.വി.വി.ഷേര്‍ളി പറഞ്ഞു. മരച്ചീനി കര്‍ഷകനായ രാജന്‍ നായര്‍ സമീപവാസിയുടെ ഉടമസ്ഥതയിലുളള പാടത്താണു കൃഷി ചെയ്യുന്നത്. സാധാരണ സഹോദരനൊപ്പമാണു പാടത്തിറങ്ങുന്നത്. ഇന്നലെ ഒറ്റയ്ക്കാണു കൃഷിസ്ഥലത്തെത്തിയത്. കുടിക്കാനായി ആവശ്യത്തിനു വെള്ളവും കരുതിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com