പന്തയക്കുതിരയെ ചൊല്ലി തര്‍ക്കം; യുവാവിനെ ലഹരിമരുന്ന് കുത്തിവച്ചു, ശേഷം ക്രുരമായി ആക്രമിച്ചു, കത്തികൊണ്ട് വരഞ്ഞു, മുഖത്ത് 84 സ്റ്റിച്ച് 

പന്തയക്കുതിരയെ വാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം
പന്തയക്കുതിരയെ ചൊല്ലി തര്‍ക്കം; യുവാവിനെ ലഹരിമരുന്ന് കുത്തിവച്ചു, ശേഷം ക്രുരമായി ആക്രമിച്ചു, കത്തികൊണ്ട് വരഞ്ഞു, മുഖത്ത് 84 സ്റ്റിച്ച് 

കോഴിക്കോട്: പന്തയക്കുതിരയെ വാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് കാരന്തൂര്‍ സ്വദേശി അര്‍ഷാദിനെയാണ് പന്ത്രണ്ടുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. അര്‍ഷാദിനെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് വഴിയിലുപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അര്‍ഷാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.  

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ഷാദിനെ ഓമശേരിക്കും താമരശേരിക്കുമിടയില്‍ രണ്ട് വാഹനങ്ങളിലായെത്തിയ പന്ത്രണ്ട സംഘം കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയായിരുന്നു. മദ്യം കുടിപ്പിച്ചതിനൊപ്പം ലഹരിമരുന്ന് കുത്തിവച്ചു. കത്തികൊണ്ട് മുഖത്തും കൈകളിലും വരഞ്ഞ് പരിക്കേല്‍പ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അര്‍ഷാദിന്റെ കരച്ചില്‍കേട്ട വാഹനയാത്രികനാണ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. മുഖത്ത് മാത്രം എണ്‍പത്തി നാല് തുന്നലുണ്ട്. കൈയ്ക്കും പരുക്കുണ്ട്. തറയിലിട്ട ശേഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചതായും അര്‍ഷാദ് പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറി. മറ്റുള്ളവര്‍ മുഖം മറച്ചിരുന്നുവെന്നാണ് പറയുന്നത്. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കുതിരയോട്ടത്തിന് ലൈസന്‍സുള്ള അര്‍ഷാദ് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പന്തയക്കുതിരയോട്ട ക്ലബ്ബ് നടത്താന്‍ ലൈസന്‍സ് കിട്ടിയത്. മൈസൂരിലെ ക്ലബ്ബുമായി ബന്ധപ്പെട്ട് പണ ഇടപാടുകള്‍ നടന്നുവെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ പന്തയക്കുതിരയുടെ വില്‍പനയുമായി ബന്ധപ്പെട്ട് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന് കാണിച്ച് നെല്ലാംകണ്ടി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് അര്‍ഷാദ് ശ്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com