മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ല: കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി 

മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തതിന് ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി
മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ല: കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി 

കൊച്ചി:മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തതിന് ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഇത് സിവില്‍ തര്‍ക്കത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

മൊബൈല്‍ പോസ്റ്റ് പെയ്ഡ് ബില്‍ അടച്ചില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വൈറ്റില സ്വദേശി പി വി അബ്ദുള്‍ ഹക്കിം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി വി അനില്‍കുമാറിന്റെ വിധി. കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.

ഭാരതി എയര്‍ടെല്ലിന്റെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ എടുത്ത ഹര്‍ജിക്കാരന്‍ 2006 ജൂലൈ മുതല്‍ നവംബര്‍വരെയുള്ള ഫോണ്‍ ചാര്‍ജായി 97, 678.50 രൂപ അടയ്ക്കാനുണ്ടായിരുന്നു. ഇതില്‍ 10,580 രൂപ അടച്ചു. ബാക്കി തുക അടച്ചില്ലെന്ന പരാതിയില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പ് പ്രകാരമായിരുന്നു കേസ്.

പി വി അബ്ദുല്‍ഹക്കീമും ഫോണ്‍ കമ്പനിയുമായുള്ള കരാര്‍പ്രകാരം തുക അടച്ചില്ലെന്നത് ഈ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്ന്  ഹൈക്കോടതി വിലയിരുത്തി. മനഃപൂര്‍വം തട്ടിപ്പു നടത്താന്‍വേണ്ടി പണം നല്‍കാതിരുന്നതായി കണക്കാക്കാന്‍ കഴിയില്ല. മനഃപൂര്‍വം വഞ്ചിക്കണമെന്ന് ഹര്‍ജിക്കാരന് ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അതു വ്യക്തമാവുന്ന തെളിവുകള്‍ പൊലീസ് ഹാജരാക്കണമായിരുന്നു. അതില്ലാത്തതിനാല്‍ കുറ്റപത്രം റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com