'സത്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച നേതാവ്'; പി രാജീവിന് പിന്തുണയുമായി സിനിമാ ലോകം 

രാജ്യത്ത് എവിടെ പോയാലും ഞാന്‍ പി രാജീവിന്റെ നാട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും
'സത്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച നേതാവ്'; പി രാജീവിന് പിന്തുണയുമായി സിനിമാ ലോകം 

കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണ അറിയിച്ച് സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍. പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് സംവിധായകന്‍ മേജര്‍ രവിയായിരുന്നു. പിന്നാലെ പിന്തുയറിയിച്ച് സിനിമ താരങ്ങളായ വിനയ് ഫോര്‍ട്ടും മണികണ്ഠന്‍ ആചാരിയും രംഗത്തെത്തി. തന്റെയും കുടുംബത്തിന്റെയും വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെന്ന് വ്യക്തമാക്കിയ വിനയ് ഫോര്‍ട്ട് എത്രവലിയ പ്രതിസന്ധികളിലും സത്യത്തിന്റെ വഴികളിലൂടെ പി രാജീവ് നമ്മെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിചേര്‍ത്തു. 

രാജീവിന്റെ കലാലയ രാഷ്ട്രീയചരിത്രങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. പി രാജീവ് ജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യമാണെന്ന് നടന്‍ മണികണ്ഠനും പറഞ്ഞു. എറണാകുളത്ത് ഇതിലും മികച്ചൊരു സ്ഥാനാര്‍ഥി മറ്റൊരു പാര്‍ടിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. രാജ്യത്ത് എവിടെ പോയാലും ഞാന്‍ പി രാജീവിന്റെ നാട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യസഭ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ് അവിസ്മരണീയമായിരുന്നു. സഭാനടപടികളെക്കുറിച്ച് മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരെ അദ്ദേഹം നിയോഗിക്കപ്പെട്ടു.

എംപിയായിരിക്കുമ്പോഴും പാര്‍ടി ചുമതലകള്‍ വഹിക്കുമ്പോഴും എറണാകുളത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രത്യേകിച്ച് ജനറല്‍ ആശുപത്രിയെ ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള എംപിമാരുടെ അടക്കം ഫണ്ടുകള്‍ ജനറല്‍ ആശുപത്രിക്കുവേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞു. 
രാഷ്ട്രീയ ഭേദമെന്യേ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാമെന്നും മണികണ്ഠന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com