'എന്തിന് ഈ നാടകം ?, ഓഫറുകളുമായി ഇങ്ങോട്ടു വരേണ്ട' ; രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്, അനുനയ നീക്കം പാളി

നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു
'എന്തിന് ഈ നാടകം ?, ഓഫറുകളുമായി ഇങ്ങോട്ടു വരേണ്ട' ; രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്, അനുനയ നീക്കം പാളി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം പാളി. രാവിലെ വീട്ടിലെത്തിയ രമേശ് ചെന്നിത്തലയോട് കെവി തോമസ് പൊട്ടിത്തെറിച്ചു. എന്തിനാണ് ഈ നാടകമെന്ന് കെവി തോമസ് ചോദിച്ചു. 

നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു. കെ വി തോമസിന് പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അപ്പോള്‍ ഒരു ഓഫറും വെക്കേണ്ടെന്നും, ഇതുമായി വരേണ്ടെന്നും തോമസ് ചെന്നിത്തലയോട് പറഞ്ഞു. 

കെ വി തോമസ് നാളെത്തന്നെ കൊച്ചിയിലെത്തണമെന്നും, എറണാകുളത്ത് പ്രചാരണത്തില്‍ ഇറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ തല്‍ക്കാലം ഡല്‍ഹിയില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ വി തോമസ് മറുപടി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകില്ലെന്നും അറിയിച്ചതായാണ് സൂചന. 

ഹൈബി ഈഡന്‍ ജയിച്ചാല്‍ എറണാകുളം അസംബ്ലി മണ്ഡലത്തില്‍ ഉണ്ടാകുന്ന ഒഴിവില്‍ കെ വി തോമസിന് സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് സൂചന. കൂടാതെ എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com