കേരളം പോളിയോ വിമുക്തം; ഇനി തുള്ളിമരുന്ന് വിതരണം ഇല്ല

മലപ്പുറത്ത് 2000ല്‍ ഒരു പോളിയോ രോഗബാധ കണ്ടതിന് ശേഷം കേരളത്തില്‍ പുതിയ കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
കേരളം പോളിയോ വിമുക്തം; ഇനി തുള്ളിമരുന്ന് വിതരണം ഇല്ല

തിരുവനന്തപുരം;ആ മൂന്ന് തുള്ളി മരുന്ന് ഇനി കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ട. പതിറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്ന്  പോളിയോ രോഗത്തെ പൂര്‍ണമായി തുടച്ചുനീക്കി.20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്ന് പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.

ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്രേറ്റ് ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് രോഗമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവരിലേക്ക് രോഗത്തിനെതിരേയുള്ള പ്രചാരണം വ്യാപിപ്പിക്കാനും തീരുമാനമായി. 

മലപ്പുറത്ത് 2000ല്‍ ഒരു പോളിയോ രോഗബാധ കണ്ടതിന് ശേഷം കേരളത്തില്‍ പുതിയ കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 14 വര്‍ഷത്തോളം തുടര്‍ച്ചയായി പോളിയോ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോളിയോ മുക്തമായി 2014ല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും ചില ഇടങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് തുള്ളിമരുന്ന് വിതരണം നിര്‍ത്താതിരുന്നത്. പോളിയോ രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 1995 മുതലാണ് വാക്‌സിനേഷന് പുറമേ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com