സര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടരുത്, വിവാഹമാണ്; കലക്ടറോട് അഭ്യര്‍ത്ഥിച്ച് പ്രതിശ്രുത വധു, മറുപടി 

വാഴക്കാല സ്വദേശിയായ അധ്യാപികയാണ് അഭ്യര്‍ഥനയുമായി കാക്കനാട് കലക്ട്രേറ്റിനെ സമീപിച്ചത്
സര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടരുത്, വിവാഹമാണ്; കലക്ടറോട് അഭ്യര്‍ത്ഥിച്ച് പ്രതിശ്രുത വധു, മറുപടി 

കൊച്ചി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വരുന്നത്് സ്വാഭാവികവുമാണ്. ഇത് മുന്‍കൂട്ടി കണ്ട് തന്റെ വിവാഹത്തിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നിരിക്കുകയാണ് പ്രതിശ്രുത വധു.വാഴക്കാല സ്വദേശിയായ അധ്യാപികയാണ് അഭ്യര്‍ഥനയുമായി കാക്കനാട് കലക്ട്രേറ്റിനെ സമീപിച്ചത്. 

ഏപില്‍ 21നാണ് അധ്യാപികയുടെ വിവാഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെ നിശ്ചയിച്ചതാണ് വിവാഹത്തീയതി. നിയമനം ലഭിച്ചാല്‍ വിവാഹപ്പിറ്റേന്ന് രാവിലെ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വരും. വിവാഹക്ഷണക്കത്ത് ഉള്‍പ്പെടെ ഹാജരാക്കിയാണ് അധ്യാപികയുടെ അപേക്ഷ. പോളിങ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചാല്‍, അപ്പോള്‍ നോക്കാമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. 

പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേര്‍ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. മകളുടെ പ്രസവത്തിനായി വിദേശയാത്ര പോകാനാരിക്കുകയാണ് മറ്റൊരു അധ്യാപിക. യാത്ര മുടക്കരുതെന്ന് അപേക്ഷിച്ചാണ് ഇവരെത്തിയത്. 

നിയമന ഉത്തരവ് നല്‍കും മുന്‍പേ ഒഴിവാക്കലിനു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം. പോളിങ് ഡ്യൂട്ടി ഇളവ് ലഭിക്കാന്‍ നിയമപരമായി അവകാശമുള്ളവരുടെ വിവരങ്ങള്‍ ഓഫിസുകളില്‍നിന്നു മുന്‍കൂട്ടി ശേഖരിക്കുന്നുണ്ട്. ജീവനക്കാരുടെ പട്ടിക കലക്ടറേറ്റിലേക്കു നല്‍കുമ്പോള്‍ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.പൂര്‍ണ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള അമ്മമാര്‍, കാന്‍സര്‍ പോലുള്ള മാരക രോഗം ബാധിച്ചവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, സമീപകാലത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കു പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഇളവ് ലഭിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com