വോട്ട് എനിക്ക് തന്നെ ചെയ്യണമെന്ന് കണ്ണന്താനം, സാറിന്റെ മണ്ഡലം ഇതല്ലെന്ന് വോട്ടര്‍; ആദ്യ ദിവസം തന്നെ മണ്ഡലം മാറിക്കേറി ബിജെപി സ്ഥാനാര്‍ത്ഥി

കണ്ണന്താനം ബസ് ഇറങ്ങിയത് തൊട്ടടുത്ത മണ്ഡലമായ ചാലക്കുടിയിലായിപ്പോയി
വോട്ട് എനിക്ക് തന്നെ ചെയ്യണമെന്ന് കണ്ണന്താനം, സാറിന്റെ മണ്ഡലം ഇതല്ലെന്ന് വോട്ടര്‍; ആദ്യ ദിവസം തന്നെ മണ്ഡലം മാറിക്കേറി ബിജെപി സ്ഥാനാര്‍ത്ഥി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ആദ്യ ദിവസം തന്നെ അമളി പിണഞ്ഞ് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി ബസില്‍ കയറിയ കണ്ണന്താനം ചെന്നിറങ്ങിയത് അടുത്ത മണ്ഡലമായ ചാലക്കുടിയില്‍. ആദ്യമായി വോട്ട് ചോദിച്ചതും ചാലക്കുടി മണ്ഡലത്തിലെ വോട്ടറോടാണ്. 

കേന്ദ്ര സഹമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മണ്ഡലത്തിലേക്ക് എത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ലോ ഫ്‌ളോര്‍ കെഎസ്ആര്‍ടിസിയില്‍ കയറി യാത്ര തിരിച്ചത്. എന്നാല്‍ കണ്ണന്താനം ബസ് ഇറങ്ങിയത് തൊട്ടടുത്ത മണ്ഡലമായ ചാലക്കുടിയിലായിപ്പോയി. 

ആലുവയിലെ പറവൂര്‍ കവലയില്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥന തുടങ്ങി. ചാലക്കുടി മണ്ഡലത്തിലെ വോട്ടറോടായിരുന്നു ആദ്യമായി വോട്ട് തേടിയത്. മണ്ഡലം മാറിപ്പോയെന്ന് പ്രവര്‍ത്തകര്‍ അറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി തന്റെ മണ്ഡലത്തിലേക്ക് തിരിച്ചു.
ആദ്യ ദിവസം തന്നെ മണ്ഡലം മാറിപ്പോയെങ്കിലും തെരഞ്ഞെടുപ്പ് വിജയം തനിക്കൊപ്പമായിരിക്കും എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ പി. രാജീവും കോണ്‍ഗ്രസിന്റെ ഹൈബി ഈഡനുമാണ് കണ്ണന്താനത്തിന്റെ എതിരാളികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com