കൊടും ചൂട് കടല്‍ മത്സ്യങ്ങളേയും ബാധിക്കുന്നു; മീനുകള്‍ ആഴക്കടലിലേക്ക്, വിപണിയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍

മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതോടെ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്
കൊടും ചൂട് കടല്‍ മത്സ്യങ്ങളേയും ബാധിക്കുന്നു; മീനുകള്‍ ആഴക്കടലിലേക്ക്, വിപണിയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍

കൊല്ലം: ചൂട് കനക്കുന്നത് മത്സ്യബന്ധന മേഖലയേയും ബാധിക്കുന്നു. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ജീവിക്കുന്ന അയല, മത്തി, ചൂര, പരവ എന്നീ മീനുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങി. തീരക്കടലിലെ ഊഷ്മാവ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ആഴം കുറഞ്ഞ ഭാഗങ്ങളില്‍ നിന്നും മീനുകള്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നു. 

സാധാരണ ഗതിയില്‍ വേനല്‍ കാലത്ത് ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ജലത്തിന്റെ ഊഷ്മാവ് 25-30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അന്തരീക്ഷോഷ്മാവ് കൂടിയാല്‍ തീരക്കടലിലെ ഉഷ്മാവിലും വര്‍ധനവുണ്ടാകും. ഈ സാഹചര്യത്തില്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് മത്സ്യങ്ങള്‍ പോകുന്നത് സാധാരണ പ്രതിഭാസം ആണെന്നാണ് കൊച്ചി സെന്റര്‍ മാരിടൈം ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ സുനില്‍ മുഹമ്മദിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതോടെ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ദിവസങ്ങളോളം പഴക്കമുള്ള മീനുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

മീന്‍ ലഭ്യത കുത്തനെ ഇടിഞ്ഞതോടെ വില കൂടുകയും, നല്ല മീന്‍ ലഭിക്കാത്ത അവസ്ഥയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇപ്പോള്‍, മംഗലാപുരത്ത് നിന്നും മറ്റും എത്തിക്കുന്ന മത്സ്യങ്ങളാണ് വിപണിയിലെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആഴക്കടലില്‍ നിന്നും പിടിച്ചെടുത്ത് ശീതികരണികളില്‍ സൂക്ഷിച്ചവയാണ് ഇവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com