റിയാസ് പദ്ധതിയിട്ടത് കൊടുങ്ങല്ലൂര്‍ പള്ളിയിലെ ചാവേറാകാന്‍; കൊച്ചിയെ കേന്ദ്രമാക്കി പ്രവര്‍ത്തനം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്
റിയാസ് പദ്ധതിയിട്ടത് കൊടുങ്ങല്ലൂര്‍ പള്ളിയിലെ ചാവേറാകാന്‍; കൊച്ചിയെ കേന്ദ്രമാക്കി പ്രവര്‍ത്തനം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി; ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും ആക്രമണത്തിന് ഭീകരന്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്. 

സ്‌ഫോടനം നടത്തുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നെന്നും അയാള്‍ പറഞ്ഞു. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ്. വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പുതുവത്സര ദിനത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ആലോചന. കൊച്ചിയുള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. 

എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.

പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി കൊച്ചിയായിരുന്നു. മറൈന്‍െ്രെഡവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു. നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com