തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്ന്‌ യാത്ര ചെയ്താല്‍ പിടിവീഴും; പ്രത്യേക സ്‌ക്വാഡിനെ ഇറക്കി റെയില്‍വേ

റെയില്‍വേ നിയമപ്രകാരം ചവിട്ടുപടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്
തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്ന്‌ യാത്ര ചെയ്താല്‍ പിടിവീഴും; പ്രത്യേക സ്‌ക്വാഡിനെ ഇറക്കി റെയില്‍വേ

കൊച്ചി; തീവണ്ടിയുടെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്ര ചെയ്യുന്നര്‍ക്ക് വിലങ്ങിടാന്‍ റെയില്‍വേ. ചവിട്ടുപടി യാത്രക്കാരെ പിടിക്കാന്‍ റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നത്. 

പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ്കുമാറിനാണ് മേല്‍നോട്ടം. അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് തീവണ്ടിയില്‍  
പരിശോധനയ്‌ക്കെത്തുക. റെയില്‍വേ നിയമപ്രകാരം ചവിട്ടുപടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്. കാസര്‍കോട് ആര്‍.പി.എഫ്. സെക്ഷനില്‍ മാത്രം 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ പി. വിജയകുമാര്‍ പറഞ്ഞു. ഇതില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും. തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണമാണ് ആര്‍.പി.എഫ്. നല്‍കുന്നത്. 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.

ചവിട്ടുപടിയില്‍ ഇരുന്നു യാത്രചെയ്ത നിരവധി പേര്‍ക്കാണ് അപകടം സംഭവിച്ചത്. റെയില്‍വേയുടെ കണക്ക് പ്രകാരം മരണത്തേക്കാള്‍ ഗുരുതരമായ പരുക്കേറ്റവരാണ് കൂടുതല്‍. വാതില്‍ക്കലില്‍ ഇരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ചും ഓടുന്ന വണ്ടിയില്‍നിന്ന് ചാടിയിറങ്ങുകയും ചാടിക്കയറുകയും ചെയ്ത് പരിക്കേറ്റവരും നിരവധിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com