ശാന്തിവനത്തിലെ ടവർ മാറ്റാനാവില്ല ; പദ്ധതി അന്തിമ ഘട്ടത്തിൽ , സത്യവാങ്മൂലവുമായി കെഎസ്ഇബി

വഴിമാറ്റിയാൽ നിരവധി പുതിയ പ്രശ്നങ്ങളുണ്ടാവും. കാലതാമസം വരികയും പദ്ധതിച്ചെലവ് കൂടുകയും ചെയ്യും
ശാന്തിവനത്തിലെ ടവർ മാറ്റാനാവില്ല ; പദ്ധതി അന്തിമ ഘട്ടത്തിൽ , സത്യവാങ്മൂലവുമായി കെഎസ്ഇബി

പറവൂർ : ശാന്തിവനത്തിലൂടെ 110 കെവി ലൈനിന്റെ ടവർ പദ്ധതിയുടെ അന്തിമഘട്ടത്തിൽ മാറ്റാനാവില്ലെന്ന് കെഎസ്ഇബി.  ടവറിന്റെ നിർമ്മാണം തടയണമെന്നും ബദൽ മാർ​ഗം പരി​ഗണിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിവനം ഉടമ മീനാ മേനോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ബോർഡിന്റെ സത്യവാങ്മൂലം.  

മന്നം- ചെറായി 110 കെ വി ലൈനിനുള്ള ടവറിന്റെ നിർമ്മാണം90 ശതമാനവും പൂർത്തിയായെന്നും ഈ ഘട്ടത്തിൽ മാറ്റുന്നത് പ്രായോ​ഗികമല്ലെന്നും ബോർഡ് വ്യക്തമാക്കുന്നു. വഴിമാറ്റിയാൽ നിരവധി പുതിയ പ്രശ്നങ്ങളുണ്ടാവും. കാലതാമസം വരികയും പദ്ധതിച്ചെലവ് കൂടുകയും ചെയ്യും. 40,000 ത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഇതെന്നും ശാന്തിവനത്തിന്റെ വടക്കേ അതിരിലൂടെ ലൈൻ വലിക്കാൻ സാധിക്കുകയില്ലെന്നും ബോർഡ് സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുണ്ട്.

 
ശാന്തിവനം വനപ്രദേശമല്ലെന്നും ജൈവ വൈവിധ്യ ബോർഡിന്റെ പരിധിയിൽ വരില്ലെന്നും വൈദ്യുതി ബോർഡ് പറയുന്നു. 40 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളൊന്നും ഇവിടെയില്ല. കാവിലെ ചടങ്ങുകൾക്ക് ടവർ തടസ്സമൊന്നും സൃഷ്ടിക്കില്ല. ഹർജിക്കാരിയുടെ വീട്ടിൽ നിന്നും ഒൻപത് മീറ്ററോളം മാറിയാണ് ടവർ നിർമ്മിക്കുന്നത്. തെങ്ങും കവുങും ഉൾപ്പടെ മൂന്ന് മരങ്ങൾ മാത്രമേ ഇതുവരെ മുറിച്ചിട്ടുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി.

എന്നാൽ  ടവർ നിർമ്മാണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരിയുടെ വാദം ഹൈക്കോടതി അം​ഗീകരിച്ചില്ല.പ്രദേശത്തെ ജൈവവൈവിധ്യത്തെ തകർക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഹർജിക്കാരി വാദിച്ചിരുന്നു. കളക്ടർക്ക് നൽകിയ പരാതിയിൽ തീരുമാനം ആവുന്നതിന് മുമ്പ് കെഎസ്ഇബി ടവർനിർമ്മാണവുമായി മുന്നോട്ട് പോവുകയാണെന്നും  അവർ ഹർജിയിൽ പറയുന്നു.  ഹർജി അടുത്തയാഴ്ച വീണ്ടും പരി​ഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com