പിണറായിയെ മലയാളത്തില്‍ സ്വാഗതം ചെയ്ത് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്; ചരിത്രനിമിഷം ( വീഡിയോ)

കേരള അടിസ്ഥാന സൗകര്യ വികസനബോര്‍ഡിന്റെ മസാല ബോണ്ട് ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു
പിണറായിയെ മലയാളത്തില്‍ സ്വാഗതം ചെയ്ത് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്; ചരിത്രനിമിഷം ( വീഡിയോ)

തിരുവനന്തപുരം: 'അന്തര്‍ദേശീയ സെക്യൂരിറ്റി വിപണിയില്‍ കേരളാ ഇന്‍ഫാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ മസാല ബോണ്ട് ഉദ്ഘാടനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്നു'- ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാലബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ ബോര്‍ഡില്‍ തെളിഞ്ഞുവന്ന മലയാള വാചകമാണിത്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വിപണി തുറന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന ചരിത്രനേട്ടം കൈവരിച്ച കേരളത്തിനുളള അംഗീകാരമാണ് മലയാളത്തിലുളള ഈ വാക്കുകള്‍.

ഇന്ത്യന്‍ സമയം പകല്‍ 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണിമുഴക്കിയാണ് മസാല ബോണ്ട് ഓഹരി വിപണിയില്‍ തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്.

ഇതാദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ്ഘാടനചടങ്ങ് നടത്തുന്നതും. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി രൂപം നല്‍കിയ കിഫ്ബി മസാല ബോണ്ട് വില്‍പ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ സിഡിപിക്യൂ ആണ് മസാലബോണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com