പ്രളയത്തിന് കാരണം അതിവര്‍ഷം, ജുഡീഷ്യല്‍ അന്വേഷണം വേണ്ട ; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പഠനമല്ല. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും  സര്‍ക്കാര്‍
പ്രളയത്തിന് കാരണം അതിവര്‍ഷം, ജുഡീഷ്യല്‍ അന്വേഷണം വേണ്ട ; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍


തിരുവനന്തപുരം: പ്രളയത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പഠനമല്ല. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രളയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്രജലക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയദുരിത നിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന് അമിക്കസ് ക്യൂറി ആശ്രയിച്ചിരിക്കുന്ന നാലു പഠനങ്ങളില്‍ രണ്ടും ശാസ്ത്രീയമല്ല. റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ ചുമതലകള്‍ വരെ സംസ്ഥാനത്തിന്‍രെ വീഴ്ചയായി കണക്കാക്കിയെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബിനെ കോടതി  അമിക്കസ് ക്യൂറിയായി നിയമിച്ചത്. 

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com