കേരളത്തില്‍ ബിജെപി മുന്നില്‍ നിന്നത് ഒരിടത്ത് മാത്രം; യുഡിഎഫ് 121; എല്‍ഡിഎഫ് 18

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്
കേരളത്തില്‍ ബിജെപി മുന്നില്‍ നിന്നത് ഒരിടത്ത് മാത്രം; യുഡിഎഫ് 121; എല്‍ഡിഎഫ് 18


തിരുവനന്തപുരം: രാജ്യം കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ചേര്‍ത്തുനിര്‍ത്തിയത് കേരളവും പഞ്ചാബും മാത്രം. കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തോല്‍വി. തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേരളത്തില്‍ 121 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്. സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ മാത്രം.

ഇടുക്കി, തൃശൂര്‍, വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂര്‍ കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. പത്തനംതിട്ടയിലും, കോട്ടയത്തും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റില്‍ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.

കാസര്‍കോട് ഏഴില്‍ നാലിടത്തും മുന്നിലെത്തിയിട്ടും ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം മഞ്ചേശ്വരത്തും കാസര്‍കോട്ടും സതീഷ് ചന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടാണ്. കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരും ഒഴികെ എല്ലായിടത്തും സുധാകരന്‍ മുന്നിലെത്തി. സിപിഎം ആകെ ജയിച്ച ആലപ്പുഴയില്‍ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോള്‍ ഉസ്മാനാണ്. പി.ജയരാജനെന്ന വന്‍മരത്തിന് തലശ്ശേരിയില്‍ മാത്രമാണ് മുന്നിലെത്താനായത്.

പത്തനംതിട്ടയില്‍ അടൂര്‍ നിയമസഭാ സീറ്റില്‍ മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാനുള്ളത്. ഇന്ത്യയില്‍ തന്നെ ഇടതുപക്ഷം അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. സിപിഐക്ക് കൈവശമുണ്ടായിരുന്ന തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ടിടത്തും ജയിച്ചു. സിപിഎം ബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ടു.

കേരളത്തില്‍ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന്റെ ആശ്വാസ തുരുത്ത്. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനൊപ്പം നിന്ന് രണ്ട് എംപിമാരെ ജയിപ്പിക്കാന്‍ സിപിഎമ്മിനും കഴിഞ്ഞു. ലോക്‌സഭയില്‍ ഇപ്പോള്‍ സിപിഎമ്മിനും മുസ് ലിം ലീഗിനും മൂന്ന് എംപിമാരെന്നതാണ് കണക്ക്. കേരളത്തില്‍ രണ്ടിടത്ത് ജയിച്ച ലീഗ് തമിഴ്‌നാട്ടിലും യുപിഎയ്‌ക്കൊപ്പം നിന്ന് ഒരു സീറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com