'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു
'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമാണ് പരാജയത്തിന് പിന്നിലെന്നാണ് വിഎസ്സിന്റെ വിലയിരുത്തൽ. 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വിഎസ്സിന്റെ കുറിപ്പ്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ടെന്നും കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. 
മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം. 
കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണ്. അതോടൊപ്പം, ഇടതുപക്ഷത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com