ശബരിമലയില്‍ മറിച്ചൊരു നിലപാടെടുക്കാനാവില്ല; വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് കോടിയേരി

വിശ്വാസികളില്‍ ഒരു വിഭാഗത്തെയും ന്യൂനപക്ഷങ്ങളില്‍ കുറെപ്പേരെയും തെറ്റിദ്ധരിപ്പിക്കാന്‍ വലതുപക്ഷ ശക്തികള്‍ക്കായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് കോടിയേരി
ശബരിമലയില്‍ മറിച്ചൊരു നിലപാടെടുക്കാനാവില്ല; വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരില്‍ വിശ്വാസികള്‍ പൂര്‍ണമായും സിപിഎമ്മിന് എതിരായി എന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെയും ന്യൂനപക്ഷങ്ങളില്‍ കുറെപ്പേരെയും തെറ്റിദ്ധരിപ്പിക്കാന്‍ വലതുപക്ഷ ശക്തികള്‍ക്കായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചു എന്ന വിലയിരുത്തലിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വലതുപക്ഷത്തിനായിട്ടുണ്ടെന്നാണ് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞത്. അവര്‍ യുഡിഎഫിന് വോട്ടു ചെയ്തിരിക്കാം. വിശ്വാസികള്‍ പൂര്‍ണമായി എതിരായാല്‍ ജനവിധി ഇതായിരിക്കില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ശബരിമല കേസില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രിം കോടതിയില്‍നിന്ന് ഉണ്ടായത്. സ്ത്രീ പുരുഷ തുല്യത ഭരണഘടനയില്‍ ഉള്ളതാണ്. സുപ്രിം കോടതി അതു തിരുത്തിയിട്ടില്ല. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കു അതു തിരുത്തിക്കാനും കഴിഞ്ഞിട്ടില്ല. അതിന്റ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു മറിച്ചൊരു നിലപാടു സ്വീകരിക്കാനാവില്ല. ശബരിമല വിധി വിശ്വാസികള്‍ക്കു പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട് എന്നതു വസ്തുതയാണ്. സംസ്ഥാനത്ത് ഭൂരിപക്ഷവും വിശ്വാസികളാണ്. സിപിഎമ്മിനു വോട്ടു ചെയ്തവരിലും വിശ്വാസികളുണ്ട്. വിശ്വാസികള്‍ പൂര്‍ണമായും എതിരായാല്‍ എങ്ങനെയാണ് മുപ്പത്തിയാറു ശതമാനം വോട്ട് എല്‍ഡിഎഫിനു കിട്ടുകയെന്ന് കോടിയേരി ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചു എന്നത് പാര്‍ട്ടി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ കണ്ടെത്തല്‍ അനുസരിച്ച് തിരുത്തല്‍ വരുത്തും. ന്യൂനപക്ഷങ്ങള്‍ പാടേ പാര്‍ട്ടിയില്‍നിന്ന് അകന്നു എന്നു കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ ആലപ്പുഴയില്‍ ജയിക്കുമായിരുന്നോയെന്ന് കോടിയേരി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com