വിജയം കൊണ്ടുവന്നത് 'ശബരിമല'; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം: ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസം സംരക്ഷിക്കാനായി  പ്രത്യേകനിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് ചെന്നിത്തല
വിജയം കൊണ്ടുവന്നത് 'ശബരിമല'; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം: ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ വിജയം നല്‍കിയത് ശബരിമലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസം സംരക്ഷിക്കാനായി  പ്രത്യേകനിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് ചെന്നിത്തല പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ കൂട്ടായി യുഡിഎഫിനൊപ്പം നിന്നു. മോദിയോടും മുഖ്യമന്ത്രി പിണറായിയുടെ പ്രവര്‍ത്തന ശൈലിയോടുമുള്ള എതിര്‍പ്പും യുഡിഎഫിന്റ വന്‍ വിജയത്തിന് കാരണമായി. ബിജെപിയുടെ മുന്നേറ്റത്തെ തകര്‍ത്തത് യുഡിഎഫാണ്. മതേതരവിശ്വാസികളെ അണിനിരത്തിയാണ് യുഡിഎഫ് മുന്നോട്ട് പോയത്. മോദിക്കും ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍
ഇടമില്ലാതാക്കിയത് യുഡിഎഫിന്റെ മുന്നേറ്റമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനം സമ്പൂര്‍ണമായി പിണറായി സര്‍ക്കാരിനെ തള്ളിയെന്നാണ് തെരഞ്ഞടുപ്പ ഫലം സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം എല്‍ഡിഎഫിനില്ല. യുഡിഎഫിന്റെ ഈ വിജയത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങളില്ല. വിനയത്തോടെ ഈ വിജയം ഉള്‍ക്കൊള്ളുന്നു. കൂടുതല്‍ ഉത്തരവാദിത്തോടെ  ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12 ശതമാനമായി ഉയര്‍ന്നു. ഇതുവരെ ഒരു തെരഞ്ഞടുപ്പിലുമുണ്ടാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് യുഡിഎഫിന്‌ ഉണ്ടായത്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലാണ് വലിയ ഭൂരിപക്ഷം . രണ്ടാം സ്ഥാനത്ത് മലപ്പുറത്താണ്. ഒന്നരലക്ഷത്തിലധികം വോട്ട്  നാലു പേര്‍ക്കും ഒരുലക്ഷത്തിന് മുകളില്‍ വോട്ട് മൂന്ന് പേര്‍ക്കും ലഭിച്ചു. അന്‍പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടിയവര്‍ ആറ് പേരാണ്. 25000ത്തില്‍ പരം വോട്ടുകള്‍ നേടി മൂന്ന് പേര്‍ ജയിച്ചെന്നും ചെന്നിത്തല പറഞ്ഞു. 123 മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയം ഉറപ്പിച്ചത്. എല്‍ഡിഎഫിന്റെ 77 മണ്ഡലങ്ങളില്‍ യുഡിഎഫ് ഭുരിപക്ഷം നേടി. എല്‍ഡിഎഫിന് 16 സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷം. നേമത്ത് മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം . 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. രണ്ട് മന്ത്രിമാര്‍ മൂന്നാം സ്ഥാനത്താണെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com