സിവി ആനന്ദബോസ് കേന്ദ്രമന്ത്രിസഭയിലേക്ക്? ; സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ട്, കേരള പ്രാതിനിധ്യത്തില്‍ ചര്‍ച്ച

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ് രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാവുമെന്ന് റിപ്പോര്‍ട്ട്
സിവി ആനന്ദബോസ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ (ഫയല്‍ ചിത്രം)
സിവി ആനന്ദബോസ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ് രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാവുമെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായോ മറ്റ് ഏതെങ്കിലും വകുപ്പില്‍ സഹമന്ത്രിയായോ ആനന്ദബോസിനെ ഉള്‍പ്പെടുത്തുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയായ ആനന്ദബോസ് ബിജെപി നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്. ആനന്ദബോസിനെ കൊല്ലത്ത് മത്സരിപ്പിക്കുമെന്ന്, ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് ആനന്ദബോസ് അറിയിക്കുകയായിരുന്നു.

സ്ഥാനാര്‍ഥിയായില്ലെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ബിജെപി ചര്‍ച്ചകളില്‍ ആനന്ദബോസ് സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംസ്ഥാനത്ത് ചെലവു കുറഞ്ഞ വീടുകള്‍ പ്രചാരത്തിലാക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് ആനന്ദബോസ്. നിര്‍മിതി കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടത് ആനന്ദബോസ് ആണ്. ഇത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ സബ്ക് മകാന്‍, സസ്ഥാ മകാന്‍ നിര്‍മിതിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു രൂപീകരിച്ചതാണ്. ഇതെല്ലാം കണക്കിലെടുത്ത് ആനന്ദബോസിന്റെ സേവനം കൂടുതലായി ഉപയോഗിക്കാന്‍ ബിജെപി നേതൃത്വത്തിനു താത്പര്യമുണ്ടെന്നാണ് സൂചന.

മത്സ്യമേഖലയ്ക്കു പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ബിജെപി നേതൃത്വം ആനന്ദബോസിന്റെ സഹായം തേടിയിരുന്നു. പ്രൊഫഷനലുകളെ കൂടുതലായി ഭരണതലത്തില്‍ ഉപയോഗിക്കുകയെന്നത് 2014 മുതല്‍ നരേന്ദ്രമോദി സ്വീകരിച്ചുവരുന്ന നയമാണ്. ഇത് ഇക്കുറിയും തുടരുന്നതിന്റെ ഭാഗമായി ആയിരിക്കും ആനന്ദബോസിനെ മന്ത്രിസഭയില്‍ അംഗമാക്കുക.

കേരളത്തില്‍നിന്നു മന്ത്രിമാരായി മുതിര്‍ന്ന നേതാവ് വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നതായി സൂചനകളുണ്ട്. തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവച്ച രാജ്യസഭാംഗം സുരേഷ് ഗോപിയെയും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com