മഹ ചുഴലിക്കാറ്റ്: അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്, ഇന്ന് ഈ ജില്ലകളില്‍ അവധി

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനത്തുനിന്നുള്ള ചിത്രം/ എ സനേഷ്‌
കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനത്തുനിന്നുള്ള ചിത്രം/ എ സനേഷ്‌

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിമുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ അതിശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.

ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിലോമീറ്ററും കോഴിക്കോട് തീരത്തു നിന്ന് വടക്ക് പടിഞ്ഞാറ് 340 കിലോമീറ്റര്‍ ദൂരത്തുമായാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. തീര മേഖലയിലും മലയോരത്തും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ തുടര്‍ന്നും പ്രക്ഷുബ്ധമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു. അതിനാല്‍ കടലിലിറങ്ങുന്നതും കടപ്പുറത്ത് സന്ദര്‍ശിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം.

അടച്ചുറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിക്കുന്നു.

ഇവിടങ്ങളില്‍ അവധി

എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. തീരദേശത്ത് കടല്‍ക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അവധി ആഘോഷമാക്കരുതെന്നും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 'മഹ' ചുഴലിക്കാറ്റ് അറബിക്കടലിലൂടെ കടന്നു പോകുന്നതിനാല്‍ കടല്‍ക്ഷോഭവും കാറ്റും തീരമേഖലയില്‍ തുടരുകയാണെന്നും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടമെന്നും കലക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നീ തീരദേശ താലൂക്കുകളിലെ  പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധിയ പ്രഖ്യാപിച്ചു.

കാസര്‍കോട് ജില്ലയിലെ അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.പ്രൊഫഷണല്‍ കോളജുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

നേരത്തെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com