കുമ്മനത്തിന് ഉമ്മ കൊടുത്ത ഓണക്കൂറിനെ സാംസ്‌കാരിക പരിപാടിയില്‍ നിന്ന് ഒഴിവാക്കി; സിഎസ് ചന്ദ്രിക പങ്കെടുത്തു

ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഉപവാസം ഉദ്ഘാടനം ചെയ്ത ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക നിലപാട് എടുത്തിരുന്നു
കുമ്മനത്തിന് ഉമ്മ കൊടുത്ത ഓണക്കൂറിനെ സാംസ്‌കാരിക പരിപാടിയില്‍ നിന്ന് ഒഴിവാക്കി; സിഎസ് ചന്ദ്രിക പങ്കെടുത്തു

തിരുവനന്തപുരം: തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച കേരളം മലയാളം ഭാഷാ പരിപാടിയില്‍ നിന്ന് നോവലിസ്റ്റ് ഡോ. ജോര്‍ജ് ഓണക്കൂറിനെ ഒഴിവാക്കി. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഉപവാസം ഉദ്ഘാടനം ചെയ്ത ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക നിലപാട് എടുത്തിരുന്നു. തുടര്‍ന്നാണ് ഒണക്കൂറിനെ ഒഴിവാക്കിയത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ജോര്‍ജ് ഓണക്കൂര്‍. ഓണക്കൂറിനെ ഒഴിവാക്കിയതായി അറിയിച്ചതിനെ തുടര്‍ന്ന് ചന്ദ്രിക പരിപാടിയില്‍ പങ്കെടുത്തു.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഉപവാസം ഉദ്ഘാടനം ചെയ്തത് ജോര്‍ജ് ഓണക്കൂറായിരുന്നു. കുമ്മനത്തെ ഉമ്മ കൊടുത്ത് ഹാരമിട്ടാണ് ഓണക്കൂര്‍ അനുമോദിച്ചത്. കുമ്മനത്തിന് ഉമ്മ കൊടുക്കുന്ന ഒരു എഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ലെന്ന നിലപാടാണ് ചന്ദ്രിക സ്വീകരിച്ചത്. ഓണക്കൂറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചന്ദ്രിക നടത്തിയത്. ഇതോടെയാണ് വിവാദം ഉടലെടുത്തത്. 

വൈകിട്ട് ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്ന് ചന്ദ്രിക വ്യക്തമാക്കി. തുടര്‍ന്നാണ് സംഘാടകര്‍ ജോര്‍ജ് ഓണക്കൂറിനെ ഒഴിവാക്കിയത്. വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നാണ് ഓണക്കൂര്‍ വരാതിരുന്നതെന്നാണ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം. അസഹിഷ്ണുക്കളെ സാംസ്‌കാരിക നായകരെന്ന് വിളിക്കാനാകില്ലെന്ന് എംടി രമേശ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com