മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്  ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരുടെ മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്
മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി

കൊച്ചി: കൊച്ചി: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്  ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരുടെ മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.

സിപിഎം പ്രവര്‍ത്തതകര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത് വലിയ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താന്‍ പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയിരിക്കുന്നത്. 

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു.  തന്റെ മകന്‍ അലന്‍ ഷുഹൈബിന് യാതൊരു മാവോയിസ്റ്റ ബന്ധവും ഇല്ലെന്ന് മാതാവ് സബിത മഠത്തില്‍ പറഞ്ഞു. ആരോ നല്‍കിയ ലഘുലേഖ കൈയില്‍ വയ്ക്കുക മാത്രമാണ് അലന്‍ ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചു. അന്വേഷിച്ച വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com