'മുഖ്യമന്ത്രി, ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചു കളയേണ്ടത്?; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ?, സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ്സമാകുമോ?'

ഇതെല്ലാം 'ചിന്ത'യിലൂടെയും അല്ലാതെയും വാങ്ങിക്കൂട്ടിയ കുറ്റത്തിന് എന്റെ സഖാക്കള്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോ?
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് എതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ജീവന്‍ വേണമെങ്കില്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക പുസ്തകങ്ങളില്‍ ഏത് കത്തിച്ചു കളയുമെന്ന് ചോദിച്ചിരിക്കുകയാണ് ഇടത് ചിന്തകന്‍ ഡോ ആസാദ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇടത് സര്‍ക്കാരിന്റെ പൊലീസ് നയത്തിന് എതിരെ ആസാദ് രൂക്ഷഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇതെല്ലാം 'ചിന്ത'യിലൂടെയും അല്ലാതെയും വാങ്ങിക്കൂട്ടിയ കുറ്റത്തിന് എന്റെ സഖാക്കള്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോ? കൂട്ടുകാരൊത്ത് ബസ്‌റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചത് കുറ്റമാകുമോ?'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 

ആസിദിന്റെ വാക്കുകള്‍ ഇങ്ങനെ:

അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്.

ഞാനിതാ ഏറ്റു പറയുന്നു.
മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങള്‍ എന്റെ വീട്ടിലുണ്ട്. കത്തുകളും നോട്ടീസുകളും ലഘുലേഖകളുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒട്ടനവധി സംവാദ രേഖകളുണ്ട്. കോമിന്റോണ്‍ രേഖകളും കാണും. ഭരണകൂടമേ, ഒരു കയ്യാമവുമായി വരൂ.

ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചു കളയേണ്ടത്? കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ സൂക്ഷിക്കാമോ? ഭരണകൂടവും വിപ്ലവവും എന്തു ചെയ്യണം? സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ്സമാകുമോ? കെ വേണുവിനെ പുറത്താക്കണോ? വലിയ വേലിയേറ്റങ്ങളില്‍ ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തു കാത്തുപോന്നവയാണ്. അതൊരു ചുവന്ന ഭരണത്തിന് തിരിച്ചെടുക്കണോ?

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇതെല്ലാം 'ചിന്ത'യിലൂടെയും അല്ലാതെയും വാങ്ങിക്കൂട്ടിയ കുറ്റത്തിന് എന്റെ സഖാക്കള്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോ? കൂട്ടുകാരൊത്ത് ബസ്‌റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചത് കുറ്റമാകുമോ? അമ്മമാര്‍ക്ക് ഒരു സ്വസ്ഥതയില്ല. ഏതോ കോടതിവിധി കേട്ട് ഗോര്‍ക്കിയുടെ അമ്മയും ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനവും ചെറുകാടിന്റെ ശനിദശയും അടുപ്പിലിട്ട അമ്മമാരുണ്ട്! എല്ലാം ശരിയാകുമെന്ന് വോട്ടുകുത്തി ആശ്വസിച്ചവരാണ്.

അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്.

ഞാനിതാ രണ്ടു കൈകളുമുയര്‍ത്തി കാത്തു നില്‍ക്കുന്നു. ഒരു വെടിയുണ്ട. അല്ലെങ്കില്‍ ജീവപര്യന്തം യു എ പി എ.
മാറി നില്‍ക്കാന്‍ ഏതിടം?
ഓടിപ്പോകാന്‍ ഏതു വഴി?

ഇടതുപക്ഷ ഭരണമേ, ഞങ്ങളിവിടെത്തന്നെയുണ്ട്.

ആസാദ്
2 നവംബര്‍ 2019
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com