അഞ്ചുവര്‍ഷമായി പ്രതീക്ഷയോടെ കാത്തിരിപ്പ് ; 'കാണാതായ' അമ്മ മലയാളക്കരയില്‍ ജീവനോടെ ; സൈനികനായ മകന് ആഗ്രഹസാഫല്യം

ജോലിതേടി ചെന്നൈയിലേക്ക് വണ്ടികയറിയ മകനെ അന്വേഷിച്ചാണ് മഹാരാഷ്ട്ര ഗോണ്ഡിയ ജില്ലയിലെ ബേബിലത 2014ല്‍ വീട്ടില്‍ നിന്നിറങ്ങിയത്
അഞ്ചുവര്‍ഷമായി പ്രതീക്ഷയോടെ കാത്തിരിപ്പ് ; 'കാണാതായ' അമ്മ മലയാളക്കരയില്‍ ജീവനോടെ ; സൈനികനായ മകന് ആഗ്രഹസാഫല്യം

കോഴിക്കോട് : ഇനി ഒരിക്കലെങ്കിലും അമ്മയെ നേരില്‍ കണ്ടുമുട്ടാനാകുമോയെന്ന ആശങ്കയോടെ കഴിഞ്ഞ പട്ടാളക്കാരനായ മകനെത്തേടി ഒടുവില്‍ ആ സന്തോഷവാര്‍ത്തയെത്തി. കാണാതായ അമ്മ മലയാള മണ്ണില്‍ ജീവിച്ചിരിപ്പുണ്ടെന്ന്. ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും അഞ്ചുവര്‍ഷമായി പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന സുമിത് എന്ന ഇരുപത്തിരണ്ടുകാരന് ആഗ്രഹസാഫല്യം. ഒഡീഷയില്‍ പട്ടാളക്കാരനായി ജോലി ചെയ്യുകയാണ് മഹാരാഷ്ട്ര സ്വദേശിയായ സുമിത് ഇപ്പോള്‍.

ജോലിതേടി ചെന്നൈയിലേക്ക് വണ്ടികയറിയ മകന്‍ സുമിതിനെ അന്വേഷിച്ചാണ് മഹാരാഷ്ട്ര ഗോണ്ഡിയ ജില്ലയിലെ ബേബിലത (50) 2014ല്‍ വീട്ടില്‍ നിന്നിറങ്ങിയത്. നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍ വഴിതെറ്റി 2016ലാണ് ഇവര്‍ കേരളത്തിലെത്തുന്നത്. അലഞ്ഞുതിരിഞ്ഞുനടന്ന അവരെ പൊലീസാണ് മലപ്പുറം ജില്ലയില്‍ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന തവനൂരിലെ റെസ്‌ക്യുഹോമിലെത്തിച്ചത്.

വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തരവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹികപ്രവര്‍ത്തകനുമായ എം. ശിവനാണ് ബേബിലതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയത്. മഹാരാഷ്ട്രയിലെ തിരോഡ പൊലീസ്‌സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ കൈമാറി. ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥരാണ് ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്. ബേബിലതയെ കാണാനില്ലെന്നു കാണിച്ച് മക്കളും ബന്ധുക്കളും പൊലീസില്‍ പരാതിനല്‍കിയിരുന്നു.

ചെന്നൈയിലേക്ക് ജോലിതേടിപ്പോയ മകന്‍ സുമിത് 2017ല്‍ സൈന്യത്തില്‍ ചേര്‍ന്നു. അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ ഒഡിഷയിലെ പട്ടാളക്യാമ്പിലുള്ള മകന്‍ സുമിത് ശിവനുമായും റെസ്‌ക്യുഹോം അധികൃതരുമായും ബന്ധപ്പെട്ടു. ഞായറാഴ്ച വീഡിയോകാള്‍ വഴി അമ്മയും മകനും സംസാരിക്കുകയുംചെയ്തു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അമ്മയെ കാണാനില്ലെന്നാണ് അറിയിച്ചിരുന്നത്. അമ്മയെ കണ്ടെത്തിയതോടെ ഇനി സൈനിക ക്യാമ്പില്‍ ഹാജരാക്കണം. അമ്മയെ കൂട്ടിക്കൊണ്ടുപോകാനായി അടുത്തദിവസം റെസ്‌ക്യു ഹോമില്‍ എത്തുമെന്ന് സുമിത് അറിയിച്ചിട്ടുണ്ട്. സുമിതിനെ കൂടാതെ മൂന്ന് പെണ്‍കുട്ടികള്‍കൂടി ബേബിലതയ്ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com