നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍; ഒടുവില്‍ മനോജിന് മുന്നില്‍ കൊമ്പുകുത്തി 'ശിവന്‍'

ഇന്നലെ കോട്ടയം ഇല്ലിക്കല്‍, മരുതന ഭാഗങ്ങളില്‍ വച്ച് ഇടഞ്ഞ തിരുനക്കര ശിവനെ വരുതിയില്‍ നിര്‍ത്തിയത് ശിവന്റെ മുന്‍ പാപ്പാനായിരുന്ന സിഎം മനോജ് കുമാര്‍
നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍; ഒടുവില്‍ മനോജിന് മുന്നില്‍ കൊമ്പുകുത്തി 'ശിവന്‍'

കോട്ടയം: ഇന്നലെ കോട്ടയം ഇല്ലിക്കല്‍, മരുതന ഭാഗങ്ങളില്‍ വച്ച് ഇടഞ്ഞ തിരുനക്കര ശിവനെ വരുതിയില്‍ നിര്‍ത്തിയത് ശിവന്റെ മുന്‍ പാപ്പാനായിരുന്ന സിഎം മനോജ് കുമാര്‍. ഇന്നലെ വൈകിട്ട് 5.30നാണ് ആന ഇടഞ്ഞത്. രണ്ടാം പാപ്പാനായ വിക്രമനെ ആനപ്പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിച്ചിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ പാപ്പാന്‍ മരിച്ചു. മണിക്കൂറുകളോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ രാത്രി എട്ടോടെയാണ് മനോജ് കുമാര്‍ എത്തി തളച്ചത്.

ഇടഞ്ഞ കൊമ്പനു മുന്നില്‍ രണ്ടര മണിക്കൂറോളമാണ് ഇല്ലിക്കല്‍ വിറച്ചത്. ആന ഇടഞ്ഞതറിഞ്ഞതോടെ മരുതന ഭാഗത്തേക്കു പല ഭാഗത്തു നിന്നായി ജനമെത്തി. ശിവന്റെ മുന്‍ പാപ്പാനാണ് മനോജ് കുമാര്‍.  ഇന്നലെ ആന ഇടഞ്ഞപ്പോള്‍ മനോജ് ചിറക്കടവിലായിരുന്നു. ഉടനെ നാട്ടുകാരും ദേവസ്വം അധികൃതരും മനോജിനെ വിളിച്ചു. ബൈക്കില്‍ പാഞ്ഞെത്തിയ മനോജ് ശിവനോട് ഇരിക്കാന്‍ പറഞ്ഞു. കൊമ്പു കുത്തിച്ചു.

തുടര്‍ന്ന് പഴവും ശര്‍ക്കരയും നല്‍കി. ഒന്‍പത് മണിയോടെ അഴിച്ച് ചെങ്ങളത്തു കാവിലേക്കു കൊണ്ടു പോയി. ചിറക്കടവ് നീലകണ്ഠന്റെ പാപ്പാനായ മനോജിനെ ഇന്നലെ ശിവന്റെ പാപ്പാനായി നിയമിച്ചു. 10 വര്‍ഷം ശിവന്റെ രണ്ടാം പാപ്പാനായ മനോജ് നാല് മാസം മുന്‍പാണ് മാറിയത്.

ഇല്ലിക്കല്‍ ഭാഗത്തു വച്ചായിരുന്നു ആന ആദ്യം കുറുമ്പ് കാട്ടിയത്.  അവിടെ നിന്നു മരുതന ഭാഗത്തേക്കു ഓടുകയായിരുന്നു. ഈ സമയത്ത് രണ്ടാം പാപ്പാന്‍ വിക്രമന്‍ ആനപ്പുറത്തുണ്ടായിരുന്നു. ആന ഇടഞ്ഞതറിഞ്ഞതോടെ  മരുതന ഭാഗത്ത് ജനങ്ങളെ കൊണ്ടു നിറഞ്ഞു. ഇടക്കരിച്ചിറ റോഡിലേക്ക് ആളുകള്‍ കയറാതിരിക്കാന്‍ പൊലീസ് തടഞ്ഞു. ആനയുടെ മുന്‍പത്തെ പാപ്പനായ മനോജിനെ വിളിക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതരോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് ആന ശാന്തനായത്. മനോജ് ആനയെ കൂച്ചുവിലങ്ങിടുകയും ചെയ്തു. രാത്രി എട്ടരയോടെ ആനയുടെ കൂച്ചുവിലങ്ങഴിച്ചു ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് മനോജ് തളച്ചതോടെയാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്.

സുഖ ചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ തിരുനക്കര ഉത്സവത്തിനായി തിങ്കളാഴ്ചയാണു ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. ഇന്നലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com