കേരള പുനര്‍നിര്‍മ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

 അറ്റകുറ്റപണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കണം
കേരള പുനര്‍നിര്‍മ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്റെ വികസനനയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു.

ഇതിന്റെ തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാസൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.മെച്ചപ്പെട്ട ദുരന്ത പ്രതിരോധ ശേഷിയോടെ നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി 2020 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 അറ്റകുറ്റപണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടികണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴമാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഊര്‍ജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യണം.

2018ലെ മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവില്‍ 9064.49 കിലോമീറ്റര്‍ റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തില്‍ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പു റോഡുകളില്‍ ഡിസംബര്‍ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളില്‍ ജനുവരി 31നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്റനന്‍സ് ഗ്രാന്റും ഇക്കാര്യത്തില്‍ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകള്‍ സഞ്ചായരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നിര്‍മ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച്  നിര്‍വ്വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മ്മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യണം. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com