യുഎപിഎ ചുമത്തിയതില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം ; അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് കോഴിക്കോട് ജില്ലാകമ്മിറ്റി

അറസ്റ്റിലായ സിപിഎം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി തല നടപടി ഉടന്‍ ഉണ്ടായേക്കില്ല
യുഎപിഎ ചുമത്തിയതില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം ; അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് കോഴിക്കോട് ജില്ലാകമ്മിറ്റി

തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. യുഎപിഎ സമിതി തീരുമാനിക്കട്ടെയെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പ്രതികളായ അലന്‍ ഷുഹൈബിനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇവര്‍ക്ക് തീവ്രനിലപാടുകളാണുള്ളത്. ഇവരുടെ ബന്ധങ്ങള്‍ ഗൗരവമേറിയതാണ്. സ്ഥിതി ഗുരുതരമാണെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ടെന്ന് തീരുമാനിച്ചത്. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന നിലപാടാണ് പൊലീസും കോടതിയും സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ യുഎപിഎ പിന്‍വലിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്നും സെക്രട്ടേറിയറ്റില്‍ വാദമുയര്‍ന്നു. ഇതോടെയാണ് യുഎപിഎ സമിതി തീരുമാനമെടുക്കട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.

അതേസമയം സിപിഎം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി തല നടപടി ഉടന്‍ ഉണ്ടായേക്കില്ല. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതും നേതൃയോഗം പരിഗണിച്ചു. ഈ പശ്ചാത്തലത്തില്‍ ഇവരെ ഉടന്‍ പുറത്താക്കുന്നത് ഇവരോട് അനുഭാവമുള്ള പാര്‍ട്ടി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com