കെ സുരേന്ദ്രനെ ശോഭാ സുരേന്ദ്രന്‍ വെട്ടുമോ?; നാളെയറിയാം

ശ്രീധരന്‍പിള്ള ഗവര്‍ണറായി പോയതോടെ സംസ്ഥാനത്തെ ബിജെപി തലവിനില്ലാതെ മുന്നോട്ടുപോവുകയാണ്
കെ സുരേന്ദ്രനെ ശോഭാ സുരേന്ദ്രന്‍ വെട്ടുമോ?; നാളെയറിയാം

കൊച്ചി: പിഎസ് ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കായി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് നാളെ ഇവിയെയെത്തും. 10.30നു ബിടിഎച്ച് ഹോട്ടലില്‍ വിവിധ വിഭാഗം നേതാക്കളുമായും പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ശ്രീധരന്‍പിള്ള ഗവര്‍ണറായി പോയതോടെ സംസ്ഥാനത്തെ ബിജെപി തലവിനില്ലാതെ മുന്നോട്ടുപോവുകയാണ്. അധികനാള്‍ ഇങ്ങനെ പോകാനാവില്ലെന്നതിനാല്‍ അധ്യക്ഷനെ വേഗത്തില്‍ കണ്ടെത്താനാണ് നീക്കം.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മുന്‍തൂക്കം. കൃഷ്ണദാസ് പക്ഷക്കാരായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശന്റെ പേരും കേള്‍ക്കുന്നു. കഴിഞ്ഞ തവണ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമവായത്തിലൂടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പ്രസിഡന്റായതുപോലെ ആണെങ്കില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സികെ പത്മനാഭന്‍ എന്നിവരിലൊരാളും പ്രസിഡന്റായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വി മുരളീധരവിഭാഗം കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക കൊണ്ടുവരാനാണ് ചരടുവലിക്കുന്നത്. മുരളീധരന്റെ നേതൃത്വത്തില്‍ അതിനായി കേന്ദ്രത്തില്‍ സ്മ്മര്‍ദ്ദം ശക്തമാണ്. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത് രമേശിനെ തള്ളുകയാണെങ്കില്‍ എഎന്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഇരുഗ്രൂപ്പുകളും ഏറ്റുമുട്ടുമ്പോള്‍ സമവായമെന്ന നിലയില്‍ ഇരുഗ്രൂപ്പിലും പെടാത്ത ആള്‍ എന്ന നിലയില്‍  ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.

സുരേഷ് ഗോപി എംപിയെ സംസ്ഥാന പ്രസിഡന്റാക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിച്ചെങ്കിലും താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് നേതൃത്വവുമായും ചര്‍ച്ച നടത്തിയേ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com