ആര്‍എസ്എസ് കലിപ്പില്‍ തന്നെ ; ബിജെപി അധ്യക്ഷനെ കണ്ടെത്തല്‍ നീളും ; കേന്ദ്രനേതൃത്വം യാത്ര മാറ്റി

കേരളത്തിലെത്തി ആര്‍എസ്എസുമായും ചര്‍ച്ച ചെയ്തശേഷം, പ്രസിഡന്റിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാമെന്നായിരുന്നു ബിജെപി ധാരണ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : സംസ്ഥാനത്ത് ബിജെപിയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ച നീളും. പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളുമായും മറ്റു നേതാക്കളുമായി ഇന്ന് കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച അവസാന നിമിഷം മാറ്റി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും തമ്മില്‍ ഉടലെടുത്ത ഭിന്നതയാണ് കേന്ദ്രനേതൃത്വം ചര്‍ച്ചയില്‍ നിന്നും പെട്ടെന്ന് പിന്നോട്ടുപോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷാണ്, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിന് മുന്നോടിയായി കൊച്ചിയില്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇന്നു കേരളത്തിലെത്തി ആര്‍എസ്എസുമായും ചര്‍ച്ച ചെയ്തശേഷം, പ്രസിഡന്റിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാമെന്നായിരുന്നു ബിജെപി ധാരണ.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി അവസാന നിമിഷം തീരുമാനം മാറ്റിയതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്ന ചര്‍ച്ചകളില്‍ ആര്‍എസ്എസ് സ്വാധീനം നിര്‍ണായകമാണ്. ആര്‍എസ്എസിന്റെ നിസ്സഹകരണം ബോധ്യപ്പെട്ടതോടെയാണ് ബി എല്‍ സന്തോഷ് യാത്ര മാറ്റിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് ബി എല്‍ സന്തോഷ് കേരള യാത്ര അവസാന നിമിഷം റദ്ദാക്കിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 15 നകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടു്കാനാണ് നിലവില്‍ തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സുരേന്ദ്രന് വേണ്ടി വി മുരളീധരന്‍ പക്ഷവും രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവുമാണ് രംഗത്തിറങ്ങുന്നത്. അതേസമയം സമവായ സ്ഥാനാര്‍ത്ഥിയായാണ് ശോഭ സുരേന്ദ്രന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com