വിധി എതിരായാലും ഓര്‍ക്കുക, കേന്ദ്രസര്‍ക്കാരിന്റെ മാനിഫെസ്റ്റോയിലുള്ള കാര്യമാണ്: സെന്‍കുമാര്‍

എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി, ചുവടുകള്‍ എടുക്കുക
വിധി എതിരായാലും ഓര്‍ക്കുക, കേന്ദ്രസര്‍ക്കാരിന്റെ മാനിഫെസ്റ്റോയിലുള്ള കാര്യമാണ്: സെന്‍കുമാര്‍

തിരുവനന്തപുരം : ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി വിധി നാളെ വരാനിരിക്കെ മുഴുവന്‍ വിധി പഠിച്ച ശേഷമെ പ്രതികരിക്കാവൂ എന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നല്ല വിധി വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം. വിധി എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി,ചുവടുകള്‍ എടുക്കുകയെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാനിഫെസ്‌റ്റോയില്‍ ഉള്ള ഒരു കാര്യമാണെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച 56 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി നാളെ വിധി പ്രസ്താവിക്കുന്നത്.

കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി രാവിലെ 10. 30 നാണ് സുപ്രിംകോടതി പുറപ്പെടുവിക്കുക. സുപ്രിംകോടതി പുറപ്പെടുവിച്ച മുന്‍വിധി ശരിവെക്കുക, റിവ്യൂ അനുവദിച്ചുകൊണ്ട് മുന്‍വിധി സ്‌റ്റേ ചെയ്ത് വിശാല ബെഞ്ചിന് വിടുക എന്നീ സാധ്യതകളാണ് കോടതിക്ക് മുന്നിലുള്ളത്. റിവ്യൂ അനുവദിച്ചാല്‍ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിടും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വീണ്ടും വാദം കേട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജികളില്‍ ഒരു ദിവസമാണ് കോടതി വാദം കേട്ടത്. തുടര്‍ന്ന് ഹര്‍ജിക്കാരോട് കൂടുതല്‍ വാദങ്ങളുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്.  ചീഫ് ജസ്റ്റിസ് പദവിയില്‍ രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല വിധി നാളെ പ്രതീക്ഷിക്കുന്നു.മുഴുവന്‍ വിധി പഠി ച്ചശേഷം പ്രതികരിക്കുക.
നല്ല വിധി വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി,ചുവടുകള്‍ എടുക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ മാനിഫെസ്‌റ്റോയില്‍ ഉള്ള ഒരു കാര്യമാണെന്ന് ഓര്‍ക്കുക.

യഥോ ധര്‍മ തദോ ജയ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com