മരണകാരണം തലയോട്ടിയുടെ മധ്യഭാഗത്തുണ്ടായ മുറിവ്; അഭയക്കേസില്‍ നിര്‍ണായക മൊഴി

കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേല്‍പ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി പറയുന്നത്
മരണകാരണം തലയോട്ടിയുടെ മധ്യഭാഗത്തുണ്ടായ മുറിവ്; അഭയക്കേസില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം; സിസ്റ്റര്‍ അഭയയുടേത് കൊലപാതകമെന്ന് തെളിയിക്കുന്ന നിര്‍ണായക മൊഴി നല്‍കി ഫോറന്‍സിക് വിദഗ്ധന്‍. അഭയ മരിച്ചത് വെള്ളത്തില്‍ മുങ്ങിയല്ലെന്നും തലയ്‌ക്കേറ്റ മാരക ക്ഷതമാണ് മരണകാരണം എന്നുമാണ് വി. കന്തസ്വാമി നല്‍കിയ മൊഴിയില്‍ പറയുന്നത്. തലയിലേറ്റ മുറിവുകളില്‍ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമായത്. കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേല്‍പ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി പറയുന്നത്. 

മുങ്ങി മരിക്കുന്ന മൃദേഹങ്ങളില്‍ കാണുന്ന ലക്ഷണങ്ങള്‍ അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോ!ര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. മുങ്ങി മരണമാണെങ്കില്‍ ശ്വാസകോശത്തില്‍ എന്തെങ്കിലും പദാര്‍ത്ഥമുണ്ടാകും. കൈവിരലുകള്‍ മുറുക്കി പിടിച്ചിരിക്കും. ഇതിനുള്ളില്‍ ചെളിയോ പുല്ലുകളോ കാണും.  ഇതൊന്നും അഭയയുടെ ശരീരത്തില്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി മൊഴി നല്‍കി. 

മാത്രമല്ല അഭയയുടെ ശരീരത്തില്‍ കണ്ടിരുന്നത് 300 മി.ലി വെള്ളം മാത്രമാണ് ഇത് ഒരാള്‍ കുടിക്കാറുള്ള അളവാണ്. വെള്ളത്തില്‍ യാതൊരു തരത്തിലുള്ള ചെളികളും കണ്ടിരുന്നതായി റിപ്പോര്‍ട്ടിലില്ലെന്നും കന്തസ്വാമി മൊഴി നല്‍കി. എന്നാല്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് ഫൊറന്‍സിക് വിദഗ്ദന്‍ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധനായ ഡോ. വി കന്തസ്വാമിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ അഭയയുടെത് മുങ്ങി മരണമല്ല കൊലപാതകമാണെന്ന നിഗമനത്തിലേക്ക് സിബിഐ എത്തിയത്.  കേസില്‍ വിചാരണ നാളെയും തുടരും.

1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേസില്‍ ഫാ.തോമസ് കോട്ടൂരും   സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com