മകളെയും തോളിലിട്ട് വിതുമ്പി കൊണ്ടുപോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകം; ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹൈക്കോടതിക്ക് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

ബത്തേരി സര്‍വജന സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി എ ഹാരിസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി
മകളെയും തോളിലിട്ട് വിതുമ്പി കൊണ്ടുപോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകം; ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹൈക്കോടതിക്ക് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

കൊച്ചി: ബത്തേരി സര്‍വജന സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി എ ഹാരിസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍രക്ഷിക്കാമായിരുന്നുവെന്ന് ജില്ലാ ജഡ്ജി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഷഹലയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്കും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അച്ഛനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സ്‌കൂളിലെ അധ്യാപകര്‍ ചെയ്തത്. അരമണിക്കൂറോളം പാമ്പ് കടിയേറ്റ കുട്ടി സ്‌കൂളില്‍ ഉണ്ടായിരുന്നു. കുട്ടിയേയും കൂട്ടി അച്ഛന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അധ്യാപകര്‍ നോക്കി നിന്നത് തെറ്റാണ്.

അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഈ ദൃശ്യം കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കുന്നതിന് പരിശോധിച്ച ഡോക്ടര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കും. അധ്യാപകരുടേയും ഡോക്ടറുടേയും വീഴ്ചകള്‍ എണ്ണി പറയുന്ന റിപ്പോര്‍ട്ടില്‍ സ്വമേധയ കേസെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് ഹൈക്കോടതി കടക്കാന്‍ സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com