'അവനെ അറിയിക്കരുത്, മത്സരം മുടങ്ങും'; ജീവനൊടുക്കും മുന്‍പ് ആ അച്ഛന്‍ എഴുതിയത് 

കോഴിക്കോട് പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ രാധാകൃഷ്ണനാണ് കുറിപ്പെഴുതിവച്ചശേഷം ജീവനൊടുക്കിയത്
'അവനെ അറിയിക്കരുത്, മത്സരം മുടങ്ങും'; ജീവനൊടുക്കും മുന്‍പ് ആ അച്ഛന്‍ എഴുതിയത് 

കോഴിക്കോട്: ജീവനൊടുക്കാന്‍ തീരുമാനിച്ചപ്പോഴും പഠിച്ചതൊന്നും മറക്കാതെ ആത്മവിശ്വാസത്തോടെ മകന്‍ മത്സരവേദി കീഴടക്കണമെന്ന ആഗ്രഹമായിരുന്നു ആ അച്ഛന്റെ മനസ്സില്‍. തന്റെ മരണവാര്‍ത്ത മകന്റെ കാതുകളിലെത്തിയാല്‍ അവന്‍ ആശിച്ച മത്സരം മുടങ്ങുമെന്ന പേടിയാണ് അവസാന കുറിപ്പിലെ ആ വരികളില്‍ നിഴലിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ആ അച്ഛന്‍ എഴുതിവച്ചു ' മരണവിവരം അവനെ അറിയിക്കരുത്, മത്സരം മുടങ്ങും'. 

കോഴിക്കോട് പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ രാധാകൃഷ്ണനാണ് കുറിപ്പെഴുതിവച്ചശേഷം ജീവനൊടുക്കിയത്. വൈത്തിരിയിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ രാധാകൃഷ്ണനെ കണ്ടെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവെച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. 

രാധാകൃഷ്ണന്റെ മകനും മീനങ്ങാടി ജിഎച്ച്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ തേജസ് കൃഷ്ണയും സംഘവും എച്ച്എസ്എസ് വിഭാഗം വൃന്ദവാദ്യം മത്സരത്തില്‍ പങ്കെടുക്കേണ്ടതും ഇന്നലെയായിരുന്നു. മരണവിവരം ഉച്ചയോടെ കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട് അറിഞ്ഞിരുന്നെങ്കിലും മകനെ അറിയിക്കരുതെന്ന് കത്തിലുള്ളതിനാല്‍ തേജസ്സിനെ വിവരമറിയിച്ചില്ല. അധ്യാപകര്‍ സംഘാടകരെ വിവരമറിയിക്കുകയും ടീമിന്റെ മത്സരം നേരത്തെയാക്കുകയും ചെയ്തു. 

മത്സരം കഴിഞ്ഞിട്ടും തേജസ്സിനെ വിവരമറിയിക്കാതെ തന്നെയാണ് സംഘം വൈത്തിരിയിലേക്ക് മടങ്ങിയെത്തിയത്. രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് അച്ഛന്റെ മരണവാര്‍ത്ത തേജസ് അറിഞ്ഞത്. തൊഴില്‍ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com