മലയാളി ശാസ്ത്രജ്ഞന്റെ മരണം കൊലപാതകം; മരിച്ചത് തലയ്ക്കടിയേറ്റെന്ന് പൊലീസ്, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന  

ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റാണ് മരിച്ചതെന്ന് നിഗമനം
മലയാളി ശാസ്ത്രജ്ഞന്റെ മരണം കൊലപാതകം; മരിച്ചത് തലയ്ക്കടിയേറ്റെന്ന് പൊലീസ്, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന  

ഹൈദരാബാദ് : ഹൈദരാബാദിലെ അമീർപേട്ടിൽ മരിച്ച നിലിയിൽ കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞൻ എസ് സുരേഷിന്റെ(56) മരണം കൊലപാതകമെന്ന് നി​ഗമനം. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റാണ് സുരേഷ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സുരേഷിനെ അമീർപേട്ടിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയിച്ചു. 

20 വർഷത്തോളമായി ചെന്നൈയിൽ സ്ഥിരതാമസക്കാരനായ സുരേഷ് നഗരമധ്യത്തിലുള്ള അന്നപൂർണ അപ്പാർട്ട്മെന്റസിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇന്നലെ സുരേഷ് ഓഫീസിൽ എത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

സുരേഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു സഹപ്രവർത്തകർ. ബന്ധുക്കൾ ശ്രമിച്ചിട്ടും സുരേഷുമായി ബന്ധപ്പെടാൻ സാധിക്കാഞ്ഞതിനാൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com