ആദ്യ മരണം ആട്ടിന്‍ സൂപ്പ് കഴിച്ച് കുഴഞ്ഞുവീണ്; ഒരാളുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ സയനൈഡ് കണ്ടെത്തി? ; കൂടത്തായ് മരണങ്ങളില്‍ ദുരൂഹത നീക്കാന്‍ പൊലീസ്

അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുെട മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട്: കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറു പേര്‍ മരിച്ചതിനെക്കുറിച്ച് ശാസ്ത്രീയ പരിശോധനകളുടെ പിന്‍ബലത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്, പ്രാഥമിക പരിശോധനയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. ആറു പേരുടെയും മരണം സംശയകരമാണെന്ന നിഗമനം അന്വേഷണ സംഘത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, ഇവരുടെ മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ബന്ധു സിലി, പത്തു മാസം പ്രായമുള്ള കുട്ടി എന്നിവരുടെ മരണത്തെക്കുറിച്ചാണ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്. 2002 മുതല്‍ 2014 വരെയുള്ള പന്ത്രണ്ടു വര്‍ഷ കാലയളവിനിടയിലാണ് ഇവര്‍ മരിച്ചതെങ്കിലും മരണത്തില്‍ സമാനതകളുണ്ട്. കണ്ണൂരില്‍ സമാനമായ രീതിയില്‍ നടത്തിയ കൊലപാതക പരമ്പര പുറത്തുവന്ന സാഹചര്യത്തില്‍ ടോം തോമസിന്റെയുമ അന്നമ്മയുടെയും മകന്‍ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

അന്നമ്മ, ടോം തോമസ്, റോയ്, മാത്യു എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടത്തായി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍നിന്ന് ഫൊറന്‍സിക് പരിശോധനയ്ക്കായി അന്വേഷണ സംഘം പുറത്തെടുത്തു. സിലിയുടെയും കുട്ടിയുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കോടഞ്ചേരി പള്ളി സെമിത്തേരിയില്‍നിന്നും പുറത്തെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ മരണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതിനു ശാസ്ത്രീയ പിന്‍ബലം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തുള്ള പരിശോധന.

അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുെട മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആണെന്ന നിഗമനത്തില്‍ ഇതില്‍ അന്വേഷണമൊന്നും നടന്നില്ല. ടോം തോമസ് 2008 ഓഗസ്റ്റിലാണ് മരിച്ചത്, റോയ് തോമസ് 2011 സെപ്റ്റംബറിലും. ഇതിനു പിന്നാലെ മാത്യുവും മരിച്ചു. സിലിയും കുഞ്ഞും 2014ല്‍ ആണ് മരിച്ചത്. എല്ലാവരുടെയും മരണം കുഴഞ്ഞുവീണായിരുന്നു. ഹൃദയ സ്തംഭനം എന്ന നിഗമനത്തിതല്‍ അന്വേഷണമോ മറ്റു പരിശോധനകളോ നടന്നില്ല.

റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്നു സൂചനകളുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്. 

ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച് ഏതാനും ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു. സ്വത്തു തട്ടിയെടുക്കാന്‍ നടന്ന കൊലപാതകങ്ങളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യത്തില്‍ ഈ ഘട്ടത്തില്‍ ഒന്നും വെളിപ്പടുത്താനാവില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com