കൂടത്തായി മരണ പരമ്പര; ജോളി കസ്റ്റഡിയില്‍; സയനൈഡ് എത്തിച്ച യുവാവും പൊലീസ് വലയില്‍

ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. 
കൂടത്തായി മരണ പരമ്പര; ജോളി കസ്റ്റഡിയില്‍; സയനൈഡ് എത്തിച്ച യുവാവും പൊലീസ് വലയില്‍

കോഴിക്കോട്: കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍, മരിച്ച റോയിയുടെ ഭാര്യ ജോളിയെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ഇന്നു രാവിലെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയില്‍ എടുത്തത്.  

ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.

ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. 

ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com