നായ ചത്ത വിഷമത്തില്‍ പണമില്ലാതെ മദ്യപിക്കാനെത്തി; വളര്‍ത്തു നായ്ക്കളെ ഇറക്കിവിട്ട് വടിവാള്‍ വീശി ബാറില്‍ അക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

ബാറില്‍ വളര്‍ത്തു നായ്ക്കളെ ഇറക്കിവിട്ട് വടിവാള്‍ വീശി അക്രമം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
നായ ചത്ത വിഷമത്തില്‍ പണമില്ലാതെ മദ്യപിക്കാനെത്തി; വളര്‍ത്തു നായ്ക്കളെ ഇറക്കിവിട്ട് വടിവാള്‍ വീശി ബാറില്‍ അക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ബാറില്‍ വളര്‍ത്തു നായ്ക്കളെ ഇറക്കിവിട്ട് വടിവാള്‍ വീശി അക്രമം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളര്‍ത്തു നായ പരിശീലകരായ നെല്ലിക്കുന്ന് സ്വദേശി വൈശാഖും കുരിയച്ചിറ സ്വദേശി വൈശാഖുമാണ് അറസ്റ്റിലായത്. ഇരുവരുമാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് കണ്ടെത്തുകയായിരുന്നു. 

സെപ്റ്റംബര്‍ 20നാണ് പഴയന്നൂര്‍ രാജ് ബാറില്‍ ഇരുവരും ചേര്‍ന്ന് അക്രമം നടത്തിയത്. നാല് ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞ് പൊലീസിനെ കബളിപ്പിച്ച് നടക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 

സെപ്റ്റംബര്‍ 20ന് രാത്രി ഒന്‍പതരയോടെയായിരുന്നു അക്രമം അരങ്ങേറിയത്. മദ്യപിച്ചതിന്റെ പണം ബാര്‍ ജീവനക്കാര്‍ ചോദിച്ചതിന്റെ പേരില്‍ രണ്ട് യുവാക്കളുമായി വാക്കേറ്റവും ബഹളവുമുണ്ടായി. ഇതിനു പിന്നാലെ, വളര്‍ത്തു നായ്ക്കളെ  ബാറില്‍ ഇറക്കിവിട്ട് യുവാക്കള്‍ കൊലവിളി മുഴക്കി. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പൊലീസിന് പിടിക്കൊടുക്കാതെ നടന്നു. ഇതിനിടെ, ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ, പ്രതികള്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തി. ഒരാളെ ഷൊര്‍ണൂരില്‍ നിന്നും മറ്റൊരാളെ ചേലക്കരയില്‍ നിന്നുമാണ് പിടികൂടിയത്.

പഴയന്നൂരില്‍ നായകളെ പരിശീലിപ്പിക്കാന്‍ വന്നതായിരുന്നു ഇരുവരും. ഇതിനിടെ, ഒരു നായ ചത്തു. ഇതിന്റെ വിഷമത്തില്‍ ബാറില്‍ മദ്യപിക്കാന്‍ വന്നു. കൈയില്‍ പണമുണ്ടായിരുന്നില്ല. ബാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി മുങ്ങാനുള്ള പരിപാടിയ്ക്കിടെയായിരുന്നു അക്രമം. പ്രതികളെ ബാറില്‍ എത്തിച്ച് തെളിവെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com