പുതുബന്ധങ്ങള്‍ക്ക് റോയി തടസമായി; ഷാജുവിനെ സ്വന്തമാക്കാനായി ആ ക്രൂരത ചെയ്തു; കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒന്നൊന്നായി തുറന്നുപറഞ്ഞ് ജോളി; പ്രതികള്‍ റിമാന്റില്‍

ഷാജുവിന്റെ ഭാര്യ സിലി ഭാഗ്യവതിയാണെന്നു ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നു
പുതുബന്ധങ്ങള്‍ക്ക് റോയി തടസമായി; ഷാജുവിനെ സ്വന്തമാക്കാനായി ആ ക്രൂരത ചെയ്തു; കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒന്നൊന്നായി തുറന്നുപറഞ്ഞ് ജോളി; പ്രതികള്‍ റിമാന്റില്‍

കോഴിക്കോട്:  താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ കുടുംബാംഗമായ മുഖ്യപ്രതി ജോളി ജോസഫും രണ്ടു സഹായികളും അറസ്റ്റില്‍. ജോളിക്കു സയനൈഡ് എത്തിച്ചതിനാണു ജ്വല്ലറി ജീവനക്കാരനായ ബന്ധു കക്കാട്ട് മഞ്ചാടിയില്‍ ഷാജി എന്ന എം.എസ്. മാത്യു , സ്വര്‍ണപ്പണിക്കാരനായ താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്പലത്ത് പ്രജികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് അറസ്‌റ്റെങ്കിലും മറ്റു മരണങ്ങളുടെയും പിന്നില്‍ ഇവരാണെന്ന് പൊലീസ് അറിയിച്ചു. 6 പേര്‍ക്കും സയനൈഡ് കലര്‍ന്ന ഭക്ഷണമോ പാനീയമോ നല്‍കുകയായിരുന്നുവെന്നു ജോളി മൊഴി നല്‍കി. ഇതു സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളും ശേഖരിച്ചു.

റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. അതിനാലാണ് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതിനനുസരിച്ചാകും നടപടി. മരണം നടന്ന സ്ഥലങ്ങളിലെല്ലാം സാന്നിധ്യമുണ്ടായിരുന്നതും ടോമിന്റെ സ്വത്ത് വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമാണ് അന്വേഷണം ജോളിയിലെത്താന്‍ കാരണം.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രന്‍ ഷാജു സഖറിയാസിന്റെ മകള്‍ ആല്‍ഫൈന്‍ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002– 2016 കാലത്തു മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം വായില്‍നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം.

ജോളിയും സിലിയുടെ ഭര്‍ത്താവ് ഷാജുവും 2017 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഷാജുവിനു കേസില്‍ പങ്കുള്ളതായി തെളിവില്ല. മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോമിന്റെ മറ്റൊരു മകന്‍ റോജോ ആണു ജൂലൈയില്‍ പരാതി നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ദുരൂഹത ചുരുളഴിഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ 9 ന് അപേക്ഷ നല്‍കും. 

അധികാരത്തിനായി ഭര്‍തൃമാതാവ് അന്നമ്മയെയായിരുന്നു ആദ്യം കൊലപ്പെടുത്തിയയത്. 2002 ഓഗസ്ത് 22 നായിരുന്നു സംഭവം.വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് റിട്ട. അധ്യാപികയായ അന്നമ്മയാണ്; അവര്‍ മരിച്ചാല്‍ അധികാരം തന്നില്‍ വന്നുചേരുമെന്നു ജോളി കണക്കുകൂട്ടി. സ്വന്തമായി വരുമാനമില്ലാത്തതിന്റെ അപകര്‍ഷതയുമുണ്ടായിരുന്നു. ആട്ടിന്‍സൂപ്പ്  കഴിച്ചയുടന്‍  തളര്‍ന്നുവീണായിരുന്നു അന്നമ്മയുടെ മരണം. മുന്‍പൊരിക്കലും ഇതേ ലക്ഷണങ്ങളുമായി ആശുപത്രിയിലായെങ്കിലും കാരണം കണ്ടെത്താനായില്ല. ഇതിന്റെ പേരില്‍ അന്നമ്മയുടെ മരണശേഷം ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതിയും ഉന്നയിച്ചു. മുന്‍പും വധശ്രമം നടന്നതായാണ് പൊലീസിന്റെ നിഗമനം. 

സ്വത്ത് സ്വന്തമാക്കാന്‍ വേണ്ടിയാണ് ഭര്‍തൃപിതാവ് ടോം തോമസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ആ ദൗത്യം നടത്തിയത് ഓഗസ്ത് 26നായിരുന്നു. ആദ്യ കൊലപാതം കഴിഞ്ഞ്് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം.രണ്ടേക്കര്‍ വയല്‍ വിറ്റ പണം ജോളിക്കു ടോം തോമസ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി സ്വത്തില്‍ അവകാശമില്ലെന്നും അതു മറ്റു രണ്ടു മക്കള്‍ക്കുള്ളതാണെന്നും പറഞ്ഞതു ജോളിയെ ചൊടിപ്പിച്ചു. റോയ് സ്ഥലത്തില്ലാത്ത ദിവസം കപ്പയില്‍ സയനൈഡ് കലര്‍ത്തിയാണു ടോമിനെ വധിച്ചത്. ഇതിനു മുന്‍പ് വ്യാജ ഒസ്യത്ത് ചമച്ചതായും പൊലീസിനു വിവരം ലഭിച്ചു. ടോമിന്റെ മരണശേഷം കുടുംബസ്വത്ത് റോയിക്കും ജോളിക്കുമാണെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. 

മൂന്നാമതായാണ് ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. 2011 സപ്തംബര്‍ 20നായിരുന്നു സംഭവം. ജോളിയുടെ മറ്റു സൗഹൃദങ്ങളുടെ പേരില്‍ റോയിയുമായി വഴക്ക് പതിവായി. റോയ് മരിച്ചാല്‍ ഒസ്യത്തു പ്രകാരം സ്വത്ത് പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ വരുമെന്നും ജോളി കണക്കുകൂട്ടിയെന്നു പൊലീസ്. ചോറിലും കടലയിലും സയനൈഡ് കലര്‍ത്തി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. എന്നാലത് ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടു. ഇതു പുറത്തറിയുന്നതു നാണക്കേടാകുമെന്ന വീട്ടുകാരുടെ ചിന്ത മൂലം അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. ഇതിലും ജോളിയുടെ ഇടപെടലുകളുണ്ടായി. 

സംശയിച്ചതിന്റെ പകയാലാണ് നാലാമതായി മാത്യുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. റോയ് മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ബന്ധം പിടിച്ചതു  മാത്യു. സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ മുന്‍പു നടന്ന രണ്ടു മരണങ്ങളിലും മാത്യു സംശയം പ്രകടിപ്പിച്ചു. മാത്യു മരിക്കുന്ന ദിവസം വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്തു താമസിക്കുന്ന ജോളിയാണു വിവരം അയല്‍ക്കാരെ അറിയിച്ചത്. കാപ്പി നല്‍കാന്‍ അവിടെ പോയെന്നും അതിലാണു സയനൈഡ് കലര്‍ത്തിയതെന്നുമാണ് ജോളിയുടെ മൊഴി. 

റോയിയുടെ മരണശേഷമാണു ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഭാര്യയാകാന്‍ ജോളി ആഗ്രഹിച്ചുതുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഷാജുവിന്റെ ശാന്തസ്വഭാവവും അധ്യാപക ജോലിയും ആകര്‍ഷിച്ചു. ഷാജുവിന്റെ ഭാര്യ സിലി ഭാഗ്യവതിയാണെന്നു ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നു. ഷാജുവിന്റെ മക്കള്‍ തടസ്സമാകുമെന്നു കരുതിയാണു രണ്ടു വയസ്സുകാരി ആല്‍ഫൈനെ വധിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. ആല്‍ഫൈന്‍ മരിച്ച് ഒന്നരവര്‍ഷത്തിനു ശേഷം ദന്താശുപത്രിയിലിരിക്കെ, ഷാജുവിന്റെ ഭാര്യ സിലിയെയും വധിച്ചു.  പാനീയത്തില്‍ സയനൈഡ് കലര്‍ത്തുകയായിരുന്നുവെന്നാണു ജോളി പൊലീസിനോടു പറഞ്ഞത്. സിലി മരിച്ച് ഒരു വര്‍ഷത്തിനു ശേഷം ജോളി മുന്‍കയ്യെടുത്ത് ഷാജുവിനെ വിവാഹം കഴിച്ചു. മരണങ്ങളിലൊന്നും ഷാജുവിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com