ജോളിക്കു ബ്യൂട്ടി പാര്‍ലറില്‍ ജോലി ഉണ്ടായിരുന്നില്ല, വന്നിരുന്നത് കസ്റ്റമര്‍ ആയി: ഉടമ സുലേഖ

ജോളിക്കു ബ്യൂട്ടി പാര്‍ലറില്‍ ജോലി ഉണ്ടായിരുന്നില്ല, വന്നിരുന്നത് കസ്റ്റമര്‍ ആയി: ഉടമ സുലേഖ
ജോളിക്കു ബ്യൂട്ടി പാര്‍ലറില്‍ ജോലി ഉണ്ടായിരുന്നില്ല, വന്നിരുന്നത് കസ്റ്റമര്‍ ആയി: ഉടമ സുലേഖ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി തന്റെ ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരി ആയിരുന്നില്ലെന്ന്, ഉടമ സുലേഖ. അവര്‍ തന്റെ കസ്റ്റമര്‍ മാത്രം ആയിരുന്നെന്നും എന്‍ഐടി അധ്യാപികയാണെന്നാണ് തന്നോടു പറഞ്ഞിരുന്നതെന്നും സുലേഖ വെളിപ്പെടുത്തി. ജോളിയുടെയും സുലേഖയുടെയും സുഹൃത്തായിരുന്ന രാമകൃഷ്ണന്റെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.

ജോളിയുമായി തനിക്കു സൗഹൃദം പോലും ഉണ്ടായിരുന്നില്ല. അവര്‍ പാര്‍ലറില്‍ വരാറുണ്ടായിരുന്നു. എന്‍ഐടി അധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ലെന്ന് സുലേഖ പറഞ്ഞു.

ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്‍ വന്നിരുന്നു. അവര്‍ ഫോട്ടോ കാണിച്ചപ്പോള്‍ ഇവര്‍ ലക്ചറര്‍ അല്ലേയെന്നാണ് താന്‍ ചോദിച്ചത്. ജോളി എന്നെങ്കിലും എന്‍ഐടിയുടെ ഉള്ളിലേക്കു കയറിപ്പോവുന്നതു കണ്ടിട്ടുണ്ടോയെന്നു ചോദിച്ചപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. അവര്‍ അങ്ങോട്ടു പോവുന്നത് താന്‍ കണ്ടിട്ടില്ല. 

ജോളിയുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിട്ടില്ല. ഇപ്പോള്‍ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സുലേഖ പറഞ്ഞു.

ഭൂമി വിറ്റ വകയില്‍ രാമകൃഷ്ണന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നു മകന്‍ രോഹിത് മാധ്യമങ്ങളോടു പറഞ്ഞു. അതിനു പിന്നാലെയായിരുന്നു മരണം. ഇപ്പോള്‍ ജോളിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുമ്പോള്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും രോഹിത് പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാമകൃഷണന്‍ 2016 മെയ് 17നാണ് മരിക്കുന്നത്. 

അന്നേദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണന്‍ മരിക്കുകയായിരുന്നു. 62 വയസായിരുന്നു മരിക്കുമ്പോള്‍ രാമകൃഷ്ണന്റെ പ്രായം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വളരെ സജീവമായിരുന്നു.

കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നാണ് മകന്‍ പറയുന്നത്. കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചര്‍ ആണെന്ന് പറഞ്ഞ ദീര്‍ഘകാലം ജോളി കുടുംബക്കാരെ കബളിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വ്യാജഐഡി കാര്‍ഡുമായി പുറപ്പെടുന്ന ജോളി, കുന്ദമംഗലം എന്‍ഐടിക്ക് അടുത്തുള്ള ഒരു ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com