ജോളിയെ കൂക്കി വിളിച്ച് ജനം ; കോടതി വളപ്പില്‍ ജനക്കൂട്ടത്തിന്റെ രോഷപ്രകടനം ; ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കനത്ത സുരക്ഷയിലാണ് ജോളിയെയും മറ്റ് പ്രതികളെയും കോടതിയിലെത്തിച്ചത്
ജോളിയെ കൂക്കി വിളിച്ച് ജനം ; കോടതി വളപ്പില്‍ ജനക്കൂട്ടത്തിന്റെ രോഷപ്രകടനം ; ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് : കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനം കൂക്കി വിളിച്ചു.  കോടതിയിലെത്തിക്കുന്ന പ്രതികളെ കാണാനായി വന്‍ ജനക്കൂട്ടമാണ് കോടതി വളപ്പില്‍ തടിച്ചു കൂടിയിരുന്നത്. ആളുകളെ വകഞ്ഞ് മാറ്റിയാണ് പൊലീസ് ജോളിയെ കോടതിയിലെത്തിച്ചത്. 

കേസില്‍ ജോളി അടക്കം മൂന്നു പ്രതികളെയും ആറുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ താമരശ്ശേരി കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. 16-ാം തീയതി വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസിന്‍രെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. 

നേരത്തെ, ജോളിയെ ആളുകള്‍ കയ്യേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ വന്‍ സുരക്ഷ ഒരുക്കണമെന്നും ജയില്‍ അധികൃതര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് ജോളിയെ കോടതി വളപ്പിലെത്തിച്ചത്. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. 

ജയിലിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യുവും മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയത്. കൊലപാതകങ്ങളുടെ ഗൂഢാലോചനകളില്‍ തനിക്ക് യാതൊരു പങ്കുമില്ല. താന്‍ നിരപരാധിയാണെന്നും പ്രജികുമാര്‍ പറഞ്ഞു. 

കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കുമെന്നാണ് സൂചന. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, എന്‍ഐടി, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ജോളി പോയിരുന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പിനാണ് ക്രൈംബാഞ്ചിന്റെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com